ആലപ്പുഴ; ഹോട്ടലിൽ അമിത വില ഈടാക്കി എന്നാരോപിച്ച് എംഎൽഎ പിപി ചിത്തരഞ്ജന്റെ പരാതി. ആലപ്പുഴ കണിച്ചുകുളങ്ങരയിലുള്ള ഹോട്ടലിന് എതിരെയാണ് എംഎൽഎ കളക്ടർക്ക് പരാതി നൽകിയത്. പ്രഭാത ഭക്ഷണത്തിനായി കയറിയ ചിത്തരഞ്ജനോട് 5 അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപയാണ് ഹോട്ടൽ ഈടാക്കിയത്. അതിനു പിന്നാലെയാണ് പരാതിയുമായി കളക്ടറെ സമീപിച്ചത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറഞ്ഞു.
‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’.- ചിത്തരഞ്ജൻ പറഞ്ഞു.
എംഎൽഎയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നൽകിയതായി കലക്ടർ ഡോ. രേണു രാജ് പറഞ്ഞു. എന്നാൽ അമിതവില ഈടാക്കിയിട്ടില്ലെന്നും ഭക്ഷണം തയാറാക്കി വിൽക്കുന്നതിനുള്ള ചെലവിന് ആനുപാതികമായി മാത്രമേ വില ഈടാക്കുന്നുള്ളൂവെന്നുമാണ് ഹോട്ടലിന്റെ മാനേജിങ് പാർട്ണർ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates