ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നടപടി വേണം; വീണ്ടും ബാര്‍ കൗണ്‍സിലിന് പരാതി നല്‍കി അതിജീവിത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 06:20 PM  |  

Last Updated: 04th April 2022 06:20 PM  |   A+A-   |  

actress assault case

ദിലീപ്, ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്‍കി. നേരത്തെ നല്‍കിയ പരാതിയിലെ പിഴവ് തിരുത്തിയാണ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. അതിനിടെ വധ ഗൂഢാലോചന  കേസില്‍ ശരത് അടക്കമുള്ളവരെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണ സംഘം കോടതിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി.

ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത വീണ്ടും  കേരള ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. പുതിയ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ തുടര്‍ നടപടികള്‍ തുടങ്ങി. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ള, ഫിലിപ് ടി വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത നല്‍കിയ പരാതിയില്‍  പറയുന്നു.  കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവൃത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. 

നേരത്തെ നല്‍കിയ പരാതി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടികാട്ടി ബാര്‍ കൗണ്‍സില്‍ മടക്കിയിരുന്നു. ഇന്ന് 2500 രൂപ ഫീസും, 30 കോപ്പിയും സഹിതം നേരിട്ട് പരാതി നല്‍കി. പരാതിയില്‍ ഉടന്‍ ആരോപണ വിധേയരായ അഭിഭാഷകരുടെ വിശദീകരണം തേടുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ എന്‍ അനില്‍കുമാര്‍ വ്യക്തമാക്കി.

അതിനിടെ  വധ ഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ പ്രതി ചേര്‍ത്ത് ആലുവ മജിസ്‌ടേറ്റ് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. തെളിവ് നശിപ്പിച്ചതിന് കൂടുതല്‍ പേരെ പ്രതി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഒരു വാര്‍ത്ത കൂടി

'ഞങ്ങളുണ്ട്, ഒപ്പം'; അജീഷിന്റെ വായ്പ കുടിശ്ശിക സിഐടിയു യൂണിയന്‍ അടച്ചുതീര്‍ത്തു