കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം; പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈന്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 11:53 AM  |  

Last Updated: 06th April 2022 12:02 PM  |   A+A-   |  

pinarayi vijayan

പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുന്നു/ ട്വിറ്റര്‍ ചിത്രം

 

കണ്ണൂര്‍: സില്‍വര്‍ ലൈനിനെതിരായ വാദങ്ങള്‍ യുക്തിരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. പദ്ധതിക്കെതിരെ രാഷ്ട്രീയ എതിര്‍പ്പുകളാണ് നടക്കുന്നത്. പദ്ധതിയില്‍ കേന്ദ്രാനുമതിക്കായി എല്ലാ ശ്രമവും നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സില്‍വര്‍ ലൈനിനെക്കുറിച്ച് പരാമര്‍ശിച്ചത്. ബിജെപിയും കോണ്‍ഗ്രസും ഒരേ നയമാണ് പിന്തുടരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നാല് മണിക്കൂറില്‍ എത്താന്‍ കഴിയുകയെന്നതാണ് സെമി ഹൈസ്പീഡ് ട്രെയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്.  അടിസ്ഥാന സൗകര്യവികസനത്തിലും സമൂഹികക്ഷേമത്തിലുമാണ് കേരളസർക്കാർ ഊന്നൽ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ ബര്‍ണശേരി ഇ കെ നായനാര്‍ അക്കാദമിയിലെ നായനാര്‍ നഗറില്‍ മുതിര്‍ന്ന പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ ത്രിപുര മുന്‍ മുഖ്യമന്ത്രിയും പിബി അംഗവുമായ മണിക് സര്‍ക്കാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. 

17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നാണ് കൂടുതല്‍പേര്‍. 178 പ്രതിനിധികള്‍. പശ്ചിമബംഗാളില്‍നിന്ന് 163 പേരും ത്രിപുരയില്‍നിന്ന് 42 പേരുമുണ്ട്. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ പ്രതിനിധി വീതവും പങ്കെടുക്കുന്നു.രണ്ടു നിരീക്ഷകരടക്കം 52 പേര്‍ തമിഴ്‌നാട്ടില്‍നിന്ന് പങ്കെടുക്കുന്നുണ്ട്. 13 പേരാണ് കര്‍ണാടകത്തില്‍നിന്ന് ഉള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

പാര്‍ട്ടി കോണ്‍ഗ്രസിന് ആവേശോജ്ജ്വല തുടക്കം; എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ