കൈക്കൂലി വാങ്ങാന്‍ കുട്ടുനിന്നില്ല; ഒറ്റപ്പെടുത്തി; ജീവനൊടുക്കിയത് സമ്മര്‍ദം താങ്ങാനാവാതെ, ആരോപണവുമായി കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 02:40 PM  |  

Last Updated: 06th April 2022 02:40 PM  |   A+A-   |  

sindhu

ആത്മഹത്യ ചെയ്ത സിന്ധു /ടെലിവിഷന്‍ ചിത്രം

 

കല്‍പ്പറ്റ: സഹപ്രവര്‍ത്തകരുടെ മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ വന്നതോടെയാണ് മാനന്തവാടി ആര്‍ടി ഓഫീസിലെ ജീവനക്കാരി ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍. ഇന്ന് രാവിലെയാണ് സിന്ധുവിനെ വീട്ടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിന്ധുവിന്റെ സഹോദരന്‍ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കൈക്കൂലി വാങ്ങുന്നതിന് കൂട്ട് നില്‍ക്കാത്തതാണ് സിന്ധുവിനോട് സഹപ്രവര്‍ത്തകര്‍ക്ക് പകയുണ്ടാകാന്‍ കാരണമെന്നും കുടുംബം ആരോപിക്കുന്നു. ഒന്‍പത് വര്‍ഷമായി മാനന്തവാടി ആര്‍ടി ഓഫീസില്‍ ജോലി ചെയ്തുവരികയാണ് സിന്ധു. സഹപ്രവര്‍ത്തകരില്‍ നിന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടായതായും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റുജീവനക്കാര്‍ പലപ്പോഴായി ഒറ്റപ്പെടുത്തിയതായും ഇത് താങ്ങാനാവാതെ വന്നതോടെയാണ് സിന്ധു  ജീവനൊടുക്കിയതെന്നും സഹോദരന്‍ പറഞ്ഞു.

മൃതദേഹത്തിന് സമീപത്തുവച്ച്  ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതില്‍ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളുണ്ടെന്നാണ് സൂചന.

എന്നാല്‍ ഓഫീസില്‍ തര്‍ക്കമോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

പഞ്ചായത്തില്‍ പ്രവേശിക്കരുത്; ട്വന്റി 20 പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കു ജാമ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ