ടിക്കറ്റ് റിസർവ് ചെയ്ത വിദ്യാർത്ഥികളെ നെട്ടോട്ടം ഓടിച്ച് കണ്ടക്ടർ; കയറ്റാതെ സ്ഥലം വിട്ട് കെഎസ്ആർടിസി; അർധ രാത്രി പെരുവഴിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2022 10:10 AM  |  

Last Updated: 10th April 2022 10:10 AM  |   A+A-   |  

ksrtc bus

പ്രതീകാത്മക ചിത്രം

 

കൊച്ചി: പണം നൽകി ടിക്കറ്റ് റിസർവ് ചെയ്ത വിദ്യാർത്ഥികളെ അർധ രാത്രിയിൽ പെരുവഴിയിലാക്കി കെഎസ്ആർടിസി. 11 എൻജിനീയറിങ് വിദ്യാർത്ഥികളാണ് ദുരിതത്തിലായത്. എട്ടാം തീയതിയാണ് സംഭവം. രാത്രി എറണാകുളത്തു നിന്നു കോഴിക്കോട്ടേക്ക് ഒന്നിച്ച് ടിക്കറ്റെടുത്ത കുട്ടികളെയാണു കെഎസ്ആർടിസി ദുരിതത്തിലാക്കിയത്. 

എറണാകുളത്ത് ഒന്നര മണിക്കൂർ വൈകിയെത്തിയ ബസ്, നിശ്ചയിച്ച സ്റ്റോപ്പിൽ നിർത്തിയില്ലെന്നു മാത്രമല്ല, നിർത്തിയിടത്തേക്ക് ഓട്ടോ പിടിച്ച് എത്താൻ ശ്രമിച്ച വിദ്യാർത്ഥികൾക്കു വേണ്ടി രണ്ട് മിനിറ്റ് പോലും കാത്തു നിൽക്കാതെ സ്ഥലം വിടുകയും ചെയ്തു. ഒടുവിൽ വീണ്ടും പണം മുടക്കി മറ്റൊരു ബസിൽ ടിക്കറ്റെടുത്താണ് വിദ്യാർത്ഥികൾ കോഴിക്കോട് എത്തിയത്. 

തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ സഹപാഠികളായ 11 വിദ്യാർത്ഥികളാണ് 2000 രൂപ മുടക്കി,  തിരുവനന്തപുരം– കോഴിക്കോട് ആർപിഇ– 86 നമ്പർ ബസിൽ  കോഴിക്കോട്ടേക്ക് ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്തത്. രാത്രി 10.30ന് ഇടപ്പള്ളി ടോൾ ജംക്‌ഷനിൽ ബസ് എത്തുമെന്ന് കണ്ടക്ടർ അറിയിച്ചതനുസരിച്ച് വിദ്യാർത്ഥികൾ കാത്തു നിന്നെങ്കിലും 11.40നാണു ബസ് വന്നത്. നിർത്തിയതാകട്ടെ, കൊടുങ്ങല്ലൂർ റോഡിലെ ബസ് സ്റ്റോപ്പിലും. 

ബസ് അതു‌വഴിയാണ് വരുന്നത് എന്നു കണ്ടക്ടർ ഫോണിൽ അറിയിച്ചതോടെ വിദ്യാർത്ഥികൾ ടോൾ ജങ്ഷനിൽ നിന്ന് ഓടി കൊടുങ്ങല്ലൂർ റോഡിലേക്ക് വന്നു. അപ്പോഴേക്കും ബസ് അവിടെ നിന്ന് എടുത്തു. വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ, അമൃത ആശുപത്രിയിലേക്ക് തിരിയുന്ന ജങ്ഷനിലേക്ക് ഓട്ടോ പിടിച്ച് എത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ലുലു മാളിനു മുന്നിൽ നിന്ന് ഓട്ടോ പിടിച്ചു കുട്ടികൾ അമൃത ജങ്ഷനിലേക്ക് എത്തിയെങ്കിലും അതിനു മുൻപേ ബസ് പുറപ്പെട്ടിരുന്നു. പിന്നീട് കണ്ടക്ടറെ ഫോണിൽ വിളിച്ചെങ്കിലും കോൾ കട്ട് ചെയ്യുകയായിരുന്നു എന്നു വിദ്യാർത്ഥികൾ പറയുന്നു. 

തുടർന്ന് തിരികെ ഇടപ്പള്ളി ജങ്ഷനിൽ എത്തി, മറ്റൊരു കെഎസ്ആർടിസി ബസിൽ തൃശൂരിലിറങ്ങി, അവിടെ നിന്ന് വീണ്ടും മറ്റൊരു ബസിൽ കയറിയാണ് വിദ്യാർത്ഥികൾ കോഴിക്കോട് എത്തിയത്. ഇതു സംബന്ധിച്ച് ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനു പരാതി നൽകി.

ഈ വാർത്ത വായിക്കാം

ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; ആളെ കണ്ടെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ