കെ വി തോമസിനെ പുറത്താക്കുമോ?; കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2022 06:16 AM |
Last Updated: 11th April 2022 06:21 AM | A+A A- |

സിപിഎം സെമിനാര്‍ വേദിയില്‍ കെ വി തോമസ് മുഖ്യമന്ത്രിക്കൊപ്പം/ ഫയല്‍
ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെയുള്ള നടപടിയില്‍ കോണ്‍ഗ്രസ് ഇന്ന് തീരുമാനമെടുത്തേക്കും. വിഷയം ചര്‍ച്ച ചെയ്യാനായി എ കെ ആന്റണി അധ്യക്ഷനായ അഞ്ചംഗ അച്ചടക്ക സമിതി ഇന്ന് യോഗം ചേരും.
ആദ്യഘട്ടമെന്ന നിലയില്‍ കെ വി തോമസിനോട് വിശദീകരണം തേടും. വിശദീകരണം കിട്ടിയ ശേഷമാകും തുടര്‍ നടപടി. കെ വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെപിസിസിയുടെ ശുപാര്‍ശ. അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.
കൊച്ചിയില്‍ തോമസ് നടത്തിയ വാര്‍ത്താസമ്മേളനവും സെമിനാറില്‍ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവര്‍ത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തില്‍ കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തുന്നു. കെ വി തോമസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുന്‍നിലപാട്.
എന്നാല്‍ കെ വി തോമസ് എഐസിസി അംഗമായതിനാല്‍ നടപടി ഹൈക്കമാന്‍ഡ് സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത് അടക്കമുള്ള കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചേക്കും. തോമസിന്റെ പിണറായി സ്തുതിയും കെ റെയില്‍ പിന്തുണയും വഴി പാര്‍ട്ടിയില്‍ തോമസിനോട് മൃദുസമീപനമുള്ളവരും നിലപാട് മാറ്റുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
'പിണറായി സര്‍ക്കാര്‍ പറഞ്ഞത് ചെയ്യും'; സിപിഎമ്മിനെ ഭയപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല: കോടിയേരി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ