'മരിക്കാമെന്നു മക്കളോടു പറഞ്ഞു; ഭയന്ന കുട്ടികളെ മുറിയിലാക്കി, ജീവനൊടുക്കി'
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th April 2022 11:22 AM |
Last Updated: 12th April 2022 11:22 AM | A+A A- |

പ്രശാന്തും രജിതയും
കൊച്ചി: കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുട്ടികളെയും ജീവനൊടുക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിരുന്നെന്ന് സൂചന. ഭയന്ന കുട്ടികള്‍ ഇതിനു വിസമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
മരിക്കുന്ന വിവരം പിതാവ് കുട്ടികളെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വെണ്ണല വടരത്ത് ലെയിനില്‍ വെളിയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ ഭാര്യ ഗിരിജ പ്രകാശന്‍ (67), മകള്‍ രജിത പ്രശാന്ത് (38), മകളുടെ ഭര്‍ത്താവ് എ.എസ്. പ്രശാന്ത് (45) എന്നിവരാണ് മരിച്ചത്. രജിതയുടെയും പ്രശാന്തിന്റെയും മക്കളായ പന്ത്രണ്ടുകാരിയെയും ആറു വയസ്സുകാരനെയും വീട്ടില്‍ തന്നെ സുരക്ഷിതരായി കണ്ടെത്തി. മകള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയും മകന്‍ യുകെജി വിദ്യാര്‍ഥിയുമാണ്.
ഇന്നലെ വെളുപ്പിനു നാലരയോടെയാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെയും നിര്‍ബന്ധിച്ചെങ്കിലും ഭയന്ന അവര്‍ വിസമ്മതിച്ചു. തുടര്‍ന്നു കുട്ടികളെ മുറിയിലാക്കി. കുറച്ചുകഴിഞ്ഞ് ബന്ധുക്കളെ വിളിച്ചു വിവരം പറയണമെന്ന് മൂത്ത കുട്ടിയോട് പിതാവ് പറഞ്ഞിരുന്നു. കുട്ടികള്‍ ഫോണ്‍ വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍ക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. രജിതയെ വിഷം കഴിച്ച നിലയിലും ഗിരിജയെയും പ്രശാന്തിനെയും തൂങ്ങിമരിച്ച നിലയിലുമാണു കണ്ടെത്തിയത്.
വീടിനോടു ചേര്‍ന്ന് ധാന്യമില്‍ നടത്തിയിരുന്ന പ്രശാന്ത് ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും വീട് വിറ്റ് അതു വീട്ടണമെന്നും കാണിച്ച് എഴുതിയ ആത്മഹത്യക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ചക്കയെച്ചൊല്ലി വഴക്ക്; യുവാവ് വീടിന് തീയിട്ടു; മക്കളുടെ പുസ്തകങ്ങളും ഹാള്‍ടിക്കറ്റും കത്തിനശിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ