ചെയ്സിങിനിടെ ഓവർടേക്ക് ചെയ്തു; കാർ പൊലീസ് ജീപ്പിൽ ഇടിച്ചു; ആറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th April 2022 04:24 PM |
Last Updated: 15th April 2022 04:24 PM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കഞ്ചാവ് കടത്തുന്നതിനിടെ കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ചു. പിന്നാലെ കാറിൽ നിന്ന് ആറ് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കാര്‍ യാത്രക്കാരായ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട വലഞ്ചൂഴി സ്വദേശികളായ ഹാഷിം, അഫ്‌സല്‍ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ട വെട്ടിപ്പുറം ഭാഗത്തായിരുന്നു സംഭവം.
പിടിയിലായ രണ്ട് പേര്‍ക്കും ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അപകടത്തിന് പിന്നാലെ ഇരുവരേയും പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. കാറില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുവരും കമ്പത്തു നിന്നു പുനലൂര്‍ വഴി പത്തനംതിട്ടയിലേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കൂടല്‍ പൊലീസ് ഇവരുടെ വാഹനത്തിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇതോടെ പൊലീസ് സംഘം ജീപ്പില്‍ കാറിനെ പിന്തുടര്‍ന്നു. പത്തനംതിട്ട വെട്ടിപ്പുറത്ത് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ പൊലീസ് ജീപ്പ് കാറിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍ കയറി. ഇതോടെയാണ് കാര്‍ നിയന്ത്രണംവിട്ട് പൊലീസ് ജീപ്പില്‍ ഇടിച്ചത്.
ഇടിയിൽ പൊലീസ് ജീപ്പിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗവും ഭാഗികമായി തകര്‍ന്നു.
ഈ വാർത്ത വായിക്കാം
പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ