കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി നിജില്‍ ദാസിനെ ഒളിപ്പിച്ച രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. രേഷ്മയെ സ്വീകരിച്ചത് ബിജെപി മണ്ഡലം സെക്രട്ടറിയെന്നും നിയമസഹായം നല്‍കുന്നത് ബിജെപി അഭിഭാഷകനാണെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. രേഷ്മയുടേത് സിപിഎം കുടുംബമെന്ന വാദം വാസ്തവിരുദ്ധമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയാണ് രേഷ്മയെ ജാമ്യത്തിലിറക്കാനെത്തിയത്. അവര്‍ക്ക് വേണ്ടി ഹാജരായത് അഭിഭാഷക പരിഷത്ത് നേതാവാണ്. രേഷ്മയുടെ ആര്‍എസ്എസ് ബന്ധത്തിന് കൂടുതല്‍ തെളിവ് വേണ്ടെന്നും ജയരാജന്‍ പറഞ്ഞു. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുതന്നെയാണ് നിജില്‍ ദാസിന് താമസിക്കാന്‍ സ്ഥലം നല്‍കിയത്. യുവതി പൊലീസിന് നല്‍കിയ മൊഴിയിലും ബിജെപി ബന്ധം വ്യക്തമാണെന്നും ജയരാജന്‍ പറഞ്ഞു.
ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപങ്കുവഹിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിജില്‍ ദാസ് പലവീടുകളിലായി ഒളിവില്‍ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത്. ഇതിന് സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മയാണ്.
രേഷ്മയുടെ ഭര്‍ത്താവ് വിദേശത്താണ്. പുതുതായി പണിത വീട് വാടകയ്ക്ക് നല്‍കി വരാറുണ്ട്. എന്നാല്‍ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ രേഷ്മ നിജില്‍ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്ത് സിപിഎം ശക്തി കേന്ദ്രത്തിലാണ് ആര്‍എസ്എസുകാരന്‍ ഒളിവിലായത് എന്ന വാര്‍ത്ത പരന്നതിന് പിന്നാലെ വീടിന് നേരെ ബോംബേറുണ്ടായി.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ