കെ റെയില്‍ പ്രതിഷേധക്കാരെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍; കണ്ണൂര്‍ നടാലില്‍ സംഘര്‍ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 03:29 PM  |  

Last Updated: 25th April 2022 03:29 PM  |   A+A-   |  

nadal_cpm_clash

കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്നു/ ടിവി ദൃശ്യം

 

കണ്ണൂര്‍: കണ്ണൂര്‍ നടാലില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടലിനിടെ കോണ്‍ഗ്രസ് -സിപിഎം സംഘര്‍ഷം. കല്ലിടല്‍ നടപടികളില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ നേരിട്ടു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കണ്ണൂര്‍ നഗരത്തിന് സമീപം എടക്കാട് നടാലിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. രാവിലെ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇവരെ നീക്കും ചെയ്യുന്നതിനിടെ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരും സ്ഥലത്തെത്തി. 

നാട്ടില്‍ വികസനം വരണമെന്നും കല്ലിടലിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ, വാക്കേറ്റമുണ്ടായി. പ്രതിഷേധിച്ച ഒരു മധ്യവയസ്കനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായും ആരോപണമുണ്ട്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിട്ടു. കോണ്‍ഗ്രസുകാരെ കൈയ്യേറ്റം ചെയ്ത രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതേച്ചൊല്ലി സിപിഎം നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. 

സമരത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എന്നാല്‍ സിപിഎം ആരോപണം നിഷേധിച്ചിട്ടുണ്ട്. വികസനത്തിനായി വീടും സ്ഥലവും വിട്ടു കൊടുക്കാന്‍ ആളുകള്‍ തയ്യാറാണെങ്കില്‍ അതിനെ അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ല. വികസനപ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനെ തടയുന്നതിന് വേണ്ടിയുള്ള ഇടപെടലുകളാണ് യുഡിഎഫിന്റെ ഭാഗത്തു നിന്നും ക്രിമിനലുകളെ വെച്ചു കൊണ്ട് നടത്തുന്നതെന്നും പ്രാദേശിക സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തി. 
 

ഈ വാര്‍ത്ത കൂടി വായിക്കാം
 

'ഒരു പ്രോഗ്രാം മര്യാദയ്ക്ക് നടത്താന്‍ കഴിവില്ലാത്തവര്‍ എങ്ങനെയാണ് കെ-റെയില്‍ ഓടിക്കുക?'; അറിയിക്കാത്തത് മര്യാദകേടെന്ന് ജോസഫ് സി മാത്യു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ