'അസമയങ്ങളിൽ അസഭ്യ സന്ദേശങ്ങൾ അയക്കും, ഫോൺ വിളിക്കും, പരാതിക്കാരിക്ക് എന്റെ കുടുംബത്തെക്കുറിച്ച് അറിയാം'; ജാമ്യ ഹർജിയിൽ വിജയ് ബാബു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 09:19 AM  |  

Last Updated: 30th April 2022 09:19 AM  |   A+A-   |  

Vijay Babu on bail plea

ചിത്രം; ഫേയ്സ്ബുക്ക്

 

കൊച്ചി; ബലാത്സം​ഗ പരാതി നൽകിയ നടിക്കെതിരെ ആരോപണവുമായി നടൻ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ. അസമയങ്ങളിൽ അസഭ്യ സന്ദേശങ്ങൾ പരാതിക്കാരി അയച്ചിരുന്നു എന്നാണ് വിജയ് ബാബു പറയുന്നത്. നടി അയച്ചു തന്ന സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോയുമെല്ലാം സൂക്ഷിച്ചിട്ടുണ്ടെന്നും താരം പറയുന്നു. താനും പരാതിക്കാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഉത്തരവാദിത്തം പരാതിക്കാരിക്കാണെന്നും വിജയ് ബാബു പറയുന്നു. 

അവർ അസമയങ്ങളിൽ വിളിച്ചിരുന്നു. ആയിരക്കണക്കിനു സന്ദേശങ്ങളാണ് മൊബൈൽ ഫോണിൽ അയച്ചത്. തന്റെ കുടുംബ വിവരങ്ങൾ പരാതിക്കാരിക്ക് അറിയാവുന്നതാണ്. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി താനുമായുള്ള ബന്ധം നിലനിർത്താൻ പരാതിക്കാരി നിരന്തരം ശ്രമം നടത്തിയിരുന്നതായും ഹർജിയിൽ ആരോപിക്കുന്നു. അസമയങ്ങളിൽ അസഭ്യ സന്ദേശം അയച്ചപ്പോൾ പരാതി നൽകാതിരുന്നത് തന്റെ ബിസിനസിനേയും പരാതിക്കാരിയുടെ ഭാവിയേയും ബാധിക്കുമെന്ന് കരുതിയാണ്. 

അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാറില്ല. തന്റെ പുതിയ സിനിമയിലെ സംവിധായകൻ മറ്റൊരാളെ നായികയാക്കിയതായി പരാതിക്കാരി അറിഞ്ഞു. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനായി നടി കരുതിക്കൂട്ടി അസൂത്രണം ചെയ്തതാണ് കേസെന്നും വിജയ് ബാബു ആരോപിച്ചു. 

പരാതിക്കാരിയുടെ നമ്പറിൽ നിന്നും അയച്ച വാട്സ്ആപ്പ്, ഇൻസ്റ്റ​ഗ്രാം സന്ദേശങ്ങൾ, ഫോട്ടോകൾ, വിഡിയോകൾ തുടങ്ങിയവയടക്കം സൂക്ഷിച്ചിട്ടുണ്ട്. അവസരം ലഭിച്ചാൽ അന്വേഷണ ഏജൻസിക്കു മുന്നിൽ ഹാജരാക്കാൻ തയാറാണ്. രേഖകളുടെ രഹസ്യസ്വഭാവം മൂലം കോടതിയിൽ വിചാരണ സമയത്ത് ഇവ നൽകാമെന്നും ഹർജിയിൽ പറയുന്നു. അറസ്റ്റു ചെയ്യുമെന്ന് ഭയമുണ്ടെന്നും മാധ്യമ വാർത്തകളാണ് പൊലീസ് ഉദ്യോ​ഗസ്ഥരെ നയിക്കുന്നതെന്നും താരം ആരോപിച്ചു. 

വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. ഇടക്കാല ഉത്തരവൊന്നും ഇല്ലാതെയാണ് ഹര്‍ജി മാറ്റിയത്. മെയ് 16നാണ് കോടതിയുടെ വേനലവധി അവസാനിക്കുക. ഏപ്രില്‍ 22നാണ് വിജയ് ബാബുവിന് എതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി. ഇതിന് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

ഇക്കുറി കാലവര്‍ഷം നേരത്തേ?; മെയ് നാലിന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ