ഇക്കുറി കാലവര്‍ഷം നേരത്തേ?; മെയ് നാലിന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th April 2022 08:17 AM |
Last Updated: 30th April 2022 08:24 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തേ എത്തുമെന്ന് സൂചന. മെയ് 20നു ശേഷം മഴ ശക്തമായി കാലവര്‍ഷത്തിന് തുടക്കം കുറിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മെയ് നാലോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുമെന്നാണ് സൂചന.
ജൂണില്‍ ആരംഭിച്ച് സെപ്തംബറില്‍ അവസാനിക്കുന്ന കാലവര്‍ഷത്തില്‍ മധ്യ- വടക്കന്‍ കേരളത്തില്‍ സാധാരണ മഴയും തെക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴയും ഉണ്ടാകുമെന്നാണ് ആദ്യഘട്ട പ്രവചനത്തില്‍ പറയുന്നത്.
ഇത്തവണ ശക്തമായ വേനല്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ചില്‍ ആരംഭിച്ച സീസണില്‍ വ്യാഴം വരെ 77 ശതമാനം അധികമഴ ലഭിച്ചു. 133.3 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 236 മി.ലി മഴ ലഭിച്ചു. എല്ലാ ജില്ലയിലും അധിക മഴ പെയ്തു.
ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടെ മഴ തുടരും. 40 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസ്സമില്ല.
ഈ വാർത്ത കൂടി വായിക്കാം
സംസ്ഥാനത്ത് ഇന്നും മഴ കനക്കും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ