'പുകവലിച്ചാൽ ചാണകമേറ് ഉറപ്പ്'; വിദ്യാർത്ഥികളുടെ കൂട്ടംകൂടിയുള്ള പുകവലി ശല്യമായി; ബോർഡ് സ്ഥാപിച്ച് നാട്ടുകാർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th August 2022 09:04 AM |
Last Updated: 08th August 2022 09:12 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി; സ്വകാര്യ വഴിയിൽ കൂടി നിന്ന് പുകവലിക്കുന്ന വിദ്യാർത്ഥികൾ സൂക്ഷിക്കുക. ചിലപ്പോൾ നിങ്ങൾക്ക് ചാണകമേറ് നേരിടേണ്ടിവരും. വിദ്യാർത്ഥികളുടെ കൂട്ടം കൂടിയുള്ള പുകവലി ശല്യമായതോടെ വീട്ടുകാരാണ് ചാണകം എറിയുമെന്ന് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ബോർഡ് വച്ചത്. ‘ ചാണകം ഏറ് ഉറപ്പ്, പുകവലിക്കരുത്’ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. കളമശ്ശേരി എച്ച്എംടി ജംക്‌ഷനിലാണ് സംഭവം.
വൈകിട്ട് കോളജ് വിടുമ്പോൾ 3 മുതൽ 5 മണിവരെ സ്വകാര്യ വഴി വിദ്യാർഥികളുടെ പുകവലി കേന്ദ്രമാണ്. കൂട്ടം കൂടി നിന്ന് പുകവലിക്കുന്നത് പതിവായതിനാൽ കെട്ടിടങ്ങളിലെ താമസക്കാർക്ക് ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ഇതിനു മുൻപ് ഇവിടെ പുകവലി പാടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ‘നിങ്ങൾ പൊലീസ് നിയന്ത്രണത്തിലുള്ള സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ്’ എന്നെഴുതിയ ഫ്ലെക്സ് വച്ചെങ്കിലും വിദ്യാർത്ഥികൾ പുകവലി തുടർന്നു.
സിഗരറ്റ് കൂടുകളും വലിച്ചു തള്ളുന്ന കുറ്റികളും നിരോധിത പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകളും വഴിയിൽ നിറഞ്ഞതോടെയാണു കെട്ടിട ഉടമകൾ ‘ചാണകം ഏറ് ഉറപ്പ്’ എന്ന ബോർഡ് സ്ഥാപിച്ചത്. പൊതുസ്ഥലത്തു പുകവലി നിരോധിച്ചിട്ടുള്ളതാണ്. പൊലീസിലും നഗരസഭയിലും യാത്രക്കാർ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ