ലേഡീസ് കോച്ചിൽ നിന്ന് ഇറങ്ങാനാവശ്യപ്പെട്ടു, മലയാളി വനിതാ കോൺസ്റ്റബിളിനെ ട്രെയിനിലിട്ട് വെട്ടി; നീങ്ങി തുടങ്ങിയ വണ്ടിയിൽ നിന്ന് ചാടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th August 2022 07:57 AM |
Last Updated: 25th August 2022 07:59 AM | A+A A- |

പ്രതീകാത്മക ചിത്രം
ചെന്നൈ; മലയാളി ആർപിഎഫ് വനിത കോൺസ്റ്റബിളിനെ ട്രെയിനിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. വടകര പുറമേരിയിലെ എൻഎൻ ആശിർവയ്ക്കാണ് (23) വെട്ടേറ്റത്. ചെന്നൈയിൽ സബർബൻ ട്രെയിനിൽ വച്ചായിരുന്നു സംഭവമുണ്ടായത്. കത്തികൊണ്ടുള്ള ഒറ്റവെട്ടിൽ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റു.
ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവമുണ്ടായത്. ചെന്നൈ ബീച്ചിൽ നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന സബർബൻ ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ആശിർവ. ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുൻപേ പിറകിലെ വനിതാ കോച്ചിൽനിന്ന് ബഹളം കേട്ടാണ് ആശിർവ അങ്ങോട്ടേക്ക് ചെല്ലുന്നത്. മദ്യലഹരിയിലുള്ള ഒരു യുവാവ് ലേഡീസ് കോച്ചിൽ കയറിയതുമായി ബന്ധപ്പെട്ടായിരുന്നു ബഹളം.
ഇയാളോട് യാത്രക്കാരികൾ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. തുടർന്ന് ആശിർവയും ഇയാളോട് ഇറങ്ങാൻ പറഞ്ഞു. വീണ്ടും പറഞ്ഞതോടെ യുവാവ് കയ്യിലുണ്ടായിരുന്ന വലിയ കത്തിയെടുത്ത് വെട്ടുകയായിരുന്നു. ഇതിനിടെ തീവണ്ടിയും പുറപ്പെട്ടു. വീണ്ടും ആക്രമിക്കുന്ന ഭീതിയിൽ രക്തം ഒലിപ്പിച്ചുകൊണ്ട് അശിർവ പ്ലാറ്റ്ഫോമിലേക്ക് ചാടി. തൊട്ടുപിന്നാലെ യുവാവും ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ആശിർവയെ പെരമ്പൂർ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ