കാമുകൻ വിവാഹത്തിൽനിന്ന് പിന്മാറി, ആറ്റിൽ ചാടുമെന്ന് പറഞ്ഞ് ഫോട്ടോ അയച്ചു; 23കാരിയെ അന്വേഷിച്ചിറങ്ങി പൊലീസ്, കണ്ടെത്തിയത് പാലത്തിനു മുകളിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2022 07:18 AM  |  

Last Updated: 25th August 2022 07:18 AM  |   A+A-   |  

police rescued 23 years old women

പ്രതീകാത്മക ചിത്രം

പത്തനംതിട്ട; കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ ആത്മഹത്യ ചെയ്യാനിറങ്ങി തിരിച്ച യുവതിയെ സമയോചിത ഇടപെടലിലൂടെ പൊലീസ് രക്ഷപ്പെടുത്തി. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ ചങ്ങനാശേരി സ്വദേശിനിയാണ് (23) ആറ്റിൽ‌ചാടാൻ ശ്രമിച്ചത്. വലിയ പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ പൊലീസ് രക്ഷിക്കുകയായിരുന്നു. 

റാന്നി സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി റാന്നിയിലെത്തിയത്. ആറ്റിലേക്കു ചാടുമെന്ന് പറഞ്ഞുകൊണ്ട് ഒരു പമ്പ് ഹൗസിനു സമീപം നിൽക്കുന്ന ചിത്രമെടുത്ത് യുവതി മൊബൈലിൽ യുവാവിന് അയച്ചുകൊടുത്തു. പേടിച്ചു പോയ യുവാവ് ഉടനെ വിവരം പൊലീസിനെ അറിയിച്ചു. ചിത്രം പൊലീസിന് അയച്ചുകൊടുക്കുകയും ചെയ്തു. 

ഉടൻ യുവതിയെ തിരഞ്ഞ് പൊലീസ് രംഗത്തിറങ്ങി. റാന്നി ടൗണിന് അടുത്തുള്ള പമ്പ് ഹൗസിന്റെ പരിസരങ്ങളിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. യുവതിയുടെ ഫോണിലേക്ക് പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോൾ എടുത്തില്ല. മൂന്നേകാലോടെ യുവതി ഫോൺ എടുത്തു. തുടർന്ന് പൊലീസ് അനുനയശ്രമം ആരംഭിച്ചു. റാന്നി പാലത്തിലുണ്ടെന്ന് ചോദിച്ച് അറിഞ്ഞ പൊലീസ് ഉടനെ അവിടെ എത്തി. പൊലീസിനെ കണ്ട് ആറ്റിലേക്ക് ചാടാൻ തുടങ്ങിയ യുവതിയെ എസ്‌സിടിഒ എൽ.ടി.ലിജു ചാടിയിറങ്ങി പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ അനുനയിപ്പിച്ച് പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കളർ പെൻസിൽ വിഴുങ്ങി, ചുമച്ച് അവശനായി ആറു വയസുകാരൻ; ജീവശ്വാസം നൽകി ആധ്യാപകർ, ജീവിതത്തിലേക്ക്​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ