വിഴിഞ്ഞം: അദാനിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; സമരം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th August 2022 06:30 AM |
Last Updated: 26th August 2022 06:30 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ മത്സ്യതൊഴിലാളികളുടെ സമരത്തില്‍ നിന്ന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം. അതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സുരക്ഷ വേണമെന്നുമാണ് ആവശ്യം.
പദ്ധതി പ്രദേശത്തെ അതീവ സുരക്ഷ മേഖലയിലേക്ക് നൂറ് കണക്കിന് സമരക്കാര്‍ ഇരച്ച് കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നോക്കി നിന്നെന്നും ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിക്കുക.
2015ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം അന്തിമഘട്ടതിലാണ്. സമരം തുടര്‍ന്നാല്‍ പദ്ധതി ഇനിയും വൈകുമെന്നും നിര്‍മാണ പ്രവര്‍ത്തനം തുടരാന്‍ പൊലീസ് സുരക്ഷ വേണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്രസേനയുടെ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാറിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികളുടെ ഉപരോധ സമരം തുടരുകയാണ്. മുഖ്യമന്ത്രിയുമായുള്ള സമവായ ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീന്‍ അതിരൂപത. പതിനൊന്നാം ദിനമായ ഇന്ന് പള്ളിത്തുറ, കൊച്ചുതുറ, തുമ്പ, സെന്റ് ഡൊമനിക് വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും.
തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സമരസമിതി ഉടന്‍ യോഗം ചേരുന്നുണ്ട്. തുറമുഖ കവാടത്തിലെ മത്സ്യതൊഴിലാളികളുടെ ഉപരോധസമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇന്ന് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുല്ലൂരിലാണ് പരിപാടി. ലത്തീന്‍ അതിരൂപതാ അധികൃതരുമായി ഇന്നലെ മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ല'- മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയും പരാജയം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ