ഇൻസ്റ്റ​​ഗ്രാമിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് ന​ഗ്ന ചിത്രങ്ങൾ കൈക്കലാക്കി നിരന്തരം ഭീഷണി; യുവതിയെ പീഡിപ്പിച്ച മോഡൽ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2022 08:39 AM  |  

Last Updated: 03rd December 2022 08:39 AM  |   A+A-   |  

model arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ മോഡൽ അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആന്‍റണിയാണ് പിടിയിലായത്.  കുമളി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ സിബിന്‍ മോഡലെന്ന പേരിലാണ്  യുവതിയെ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതും.

ഒരു വർഷം മുൻപാണ് സിബിൻ ആന്റണി കുമളി മുരിക്കടി സ്വദേശിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. തുടർന്ന് യുവതിയുമായി അടുത്ത പ്രതി വാട്സ്ആപിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നിരന്തരം സന്ദേശങ്ങള്‍ അയച്ചു. പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ നിർബന്ധപൂർവം കൈക്കലാക്കി. ഇതോടെ സിബിന്‍ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോർട്ടുകളിലും മറ്റും പലതവണ എത്തിച്ച് ബലാത്സം​ഗം ചെയ്തെന്നാണ് കേസ്. 

പിന്നാലെയാണ് യുവതി പരാതി നൽകിയത്. കുമളി സിഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് സിബിനെ  പിടികൂടിയത്. സിബിൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസെത്തുമ്പോൾ അവിടെ മറ്റൊരു യുവതിയും കുട്ടിയുമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

നിരവധി മുൻനിര ബ്രാന്‍റ് വസ്ത്രങ്ങളുടെ മോഡലാണ് പിടിയിലായ സിബിൻ ആന്റണിയെന്ന് പൊലീസ് പറഞ്ഞു. ബലാത്സം​ഗം ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഇത്തരത്തില്‍ മറ്റ് പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോവിഡ് കാലത്തെ കേസുകൾ പിൻവലിക്കാൻ സർക്കാർ; ഉത്തരവിറക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ