കൊലപാതകം, വീണ്ടും മദ്യപാനത്തിനിടെ കലഹം; മറ്റൊരു കൊല, പിന്നാലെ ആത്മഹത്യ; സുഹൃത്തുക്കളുടെ തുടര്‍ മരണം, നടുക്കം മാറാതെ കല്ലമ്പലം 

അജികുമാറിന്റെ മരണത്തിന് തുടര്‍ച്ചയായാണ് മറ്റു രണ്ടു മരണങ്ങളുമെന്ന് പൊലീസ് പറഞ്ഞു
അജികുമാർ, ബിനുരാജ്, അജിത്ത് എന്നിവർ
അജികുമാർ, ബിനുരാജ്, അജിത്ത് എന്നിവർ


തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല കല്ലമ്പലത്ത് സുഹൃത്തുക്കളായ മൂന്നുപേര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങി. ഇതിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടതാണെന്നും ഒരാള്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ജീവനൊടുക്കിയതാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടെ സംഘത്തിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ പൊലീസ് കസ്റ്റഡിയിലും നിരീക്ഷണത്തിലുമാണ്. 

ആലപ്പുഴയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ കല്ലമ്പലം മുള്ളറംകോട് കാവുവിള ലീലകോട്ടേജില്‍ അജികുമാര്‍ (49) ആണ് ആദ്യം മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിനുള്ളില്‍ കുത്തേറ്റാണ് അജികുമാര്‍ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ പത്രക്കാരനാണ് സിറ്റൗട്ടില്‍ മൃതദേഹം കാണുന്നത്. അജികുമാറിന്റെ മരണത്തിന് തുടര്‍ച്ചയായാണ് മറ്റു രണ്ടു മരണങ്ങളുമെന്ന് പൊലീസ് പറഞ്ഞു. 

വിവാഹമോചിതനായ അജികുമാറിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മദ്യസല്‍ക്കാരം നടന്നത്. ഇവിടെ മദ്യസല്‍ക്കാരം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. മദ്യപിക്കുന്നതിനിടെ കൂട്ടുകാര്‍ തമ്മില്‍ സംഘര്‍ഷവും പതിവായിരുന്നു. വീട്ടില്‍ ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ, സുഹൃത്ത് ബിനുരാജ് അജികുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

ബിനുരാജ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത്. ബിനുരാജിന് അജികുമാറിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഈ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്, തിങ്കളാഴ്ച രാത്രി അജികുമാറിന്റെ സുഹൃത്തായ മുള്ളറംകോട് അജീഷ് ഭവനില്‍ അജിത്ത് (29) കൊല്ലപ്പെടുന്നത്. മുള്ളറംകോട് ഗണപതിക്ഷേത്രത്തിനു സമീപത്തെ ഇടറോഡില്‍ സുഹൃത്ത് സംഘം വീണ്ടും മദ്യപിച്ചു. കൊലപാതകത്തെച്ചൊല്ലി സുഹൃത്തുക്കള്‍ക്കിടയില്‍ വാക്കുതര്‍ക്കവും തുടര്‍ന്ന് കയ്യേറ്റവും നടന്നു. 

അജികുമാറിന്റെ മരണത്തില്‍ പങ്കുണ്ടെന്നു കരുതുന്ന സജീവ് കുമാറിനെക്കുറിച്ചുള്ള വിവരം പുറത്തു പറയുമെന്നു സുഹൃത്തുക്കളായ അജിത്തും പ്രമോദും പറഞ്ഞതാണ് രണ്ടാമത്തെ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറയുന്നു.  റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന പിക്കപ് വാന്‍ സജീവ് കുമാര്‍ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിച്ചു. സംഭവ സ്ഥലത്തു കുഴഞ്ഞുവീണ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അജിത്ത് മരിച്ചു. പ്രമോദ് ചികിത്സയിലാണ്.

ഇതിന് പിന്നാലെ സജീവ് കല്ലമ്പലം പൊലീസില്‍ കീഴടങ്ങി. പിറ്റേന്നുപുലര്‍ച്ചെ, ഇതേ സംഘത്തില്‍പ്പെട്ട പ്രസിഡന്റ് ജംഗ്ഷന്‍ കാവുവിള വീട്ടില്‍ ജിംനേഷ്യം ഉടമ ബിനുരാജ് (46) നാവായിക്കുളം ദേശീയപാതയില്‍ ബസിന് മുന്നില്‍ ചാടി ജീവനൊടുക്കി. അജികുമാറിന്റെ കൊലപാതകത്തില്‍ നേരിട്ടു ബന്ധമുള്ള ബിനുരാജ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറയുന്നു. 

പ്രവാസിയായ ബിനുരാജ് മടങ്ങിയെത്തിയശേഷമാണ് ജിംനേഷ്യം ആരംഭിച്ചത്. അജിത്തും ബിനുരാജും അവിവാഹിതരാണ്. അജിത്തിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലുള്ള സജീവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരാരും ക്രിമിനല്‍ കേസില്‍ പ്രതികളല്ലെന്നും സ്ഥിരം മദ്യപാനികളാണെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com