മാധ്യമ വിചാരണ നിര്‍ത്തിവെക്കണം; ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2022 07:13 AM  |  

Last Updated: 16th February 2022 07:13 AM  |   A+A-   |  

Today is crucial for Dileep; An anticipatory bail petition in the murder conspiracy case is again in the high court

ഫയല്‍ ചിത്രം


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമ വിചാരണ ചോദ്യം ചെയ്ത് ദിലീപിന്റെ ഹർജി. കേസുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണം എന്ന് ആന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. 

തനിയ്ക്കെതിരെ മാധ്യമ വിചാരണ നടത്തി ജനവികാരം സൃഷ്ടിക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നത് എന്നാണ് ദിലീപ് ഹർജിയിൽ ആരോപിക്കുന്നത്. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകും വരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു.

നടി കക്ഷി ചേരും

നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജിയെ എതിർത്ത് നടി കേസിൽ കക്ഷി ചേരും. കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്ന് നടി കോടതിയിൽ അഭ്യർഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും.

കേസിന്റെ വിചാരണ നീട്ടാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാൻ വേണ്ടിയാണ് ഇത്. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.