തറയോട് ചേര്‍ന്ന് പൈപ്പ് മുറിച്ച് കത്തി ഒളിപ്പിച്ചു; വിനീതയെ കൊലപ്പെടുത്തിയ ആയുധം കണ്ടെത്തി; കേസില്‍ നിര്‍ണായകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 01:30 PM  |  

Last Updated: 18th February 2022 01:30 PM  |   A+A-   |  

ambalamukku vineetha murder case

പ്രതി രാജേന്ദ്രൻ

 

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കില്‍ പൂക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പ്രതി രാജേന്ദ്രനുമായി ഇയാള്‍ ജോലി ചെയ്തിരുന്ന ചായക്കടയിലെത്തി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. രാജേന്ദ്രന്‍ താമസിച്ചിരുന്ന മുറിയിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തിയെന്ന് പൊലീസ് പറഞ്ഞു. 

പേരൂര്‍ക്കട പൊലീസ് സ്റ്റേഷന് സമീപത്താണ് പ്രതി രാജേന്ദ്രന്‍ ജോലി ചെയ്തിരുന്ന ഹോട്ടലുള്ളത്. ഇതിന് സമീപത്തു തന്നെയാണ് ഹോട്ടലിലെ തൊഴിലാളികള്‍ താമസിച്ചിരുന്നത്. ഇതിലെ രാജേന്ദ്രന്റെ മുറിയിലെ വാഷ്‌ബേസിന്റെ പൈപ്പ് മുറിച്ച് അതിനുള്ളിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. തറനിരപ്പില്‍ പൈപ്പ് മുറിച്ച് അതിനകത്തേക്ക് ഇറക്കി വെച്ചനിലയിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. 

ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് കേസിലെ പ്രധാന ആയുധമായ കത്തി പുറത്തെടുത്തത്. കത്തി പ്രതി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴു ദിവസമായി വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധത്തെക്കുറിച്ച് രാജേന്ദ്രന്‍ പൊലീസിന് സൂചന നല്‍കിയിരുന്നില്ല. ഇന്നലെ ചോദ്യം ചെയ്യലിലാണ് പ്രതി കത്തി ഒളിപ്പിച്ചതിനെക്കുറിച്ച് സൂചന നല്‍കിയത്. 

തുടര്‍ന്നാണ് പ്രതിയുടെ മുറിയില്‍ തെളിവെടുപ്പിനെത്തിച്ചതും കത്തി കണ്ടെടുത്തതും. നേരത്തെ ഓട്ടോയില്‍ പോകുമ്പോള്‍ വലിച്ചെറിഞ്ഞെന്നു, ബൈക്കില്‍ പോകുമ്പോള്‍ കളഞ്ഞെന്നുമായിരുന്നു മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് പ്രതി പോയ സ്ഥലങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ആയുധം കണ്ടെടുക്കാനായിരുന്നില്ല. 

പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ആയുധം കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചത്. പ്രതിയെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ ഇന്നും നാട്ടുകാര്‍ രോഷാകുലമായി പ്രതിക്കു നേരെ പാഞ്ഞടുത്തു. മാല മോഷ്ടിക്കുന്നതിനിടെയാണ് പ്രതി രാജേന്ദ്രന്‍ വിനീതയെ കുത്തി ക്കൊലപ്പെടുത്തിയത്.