'ക്യാമ്പ് നടത്തി പരിശീലനം; മൂവായിരം പേര്‍ പങ്കെടുത്തു'; തലശ്ശേരിയിലേത് ബിജെപി ആസൂത്രണം ചെയ്ത കൊലപാതകം: കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2022 10:35 AM  |  

Last Updated: 21st February 2022 10:35 AM  |   A+A-   |  

kodiyeri balakrishnan

കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം


തിരുവനന്തപുരം: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം ബിജെപി നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തലേദിവസം തന്നെ ആ പ്രദേശത്തുള്ള രണ്ടുപേരെ വകവരുത്തുമെന്ന് ബിജെപി നേതാവ് പ്രഖ്യാപിച്ചിരുന്നു. പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. 

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമം നടത്താനുള്ള പദ്ധതികളാണ് ആര്‍എസ്എസുകാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നാലുമാസം മുന്‍പാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. കേരളത്തെ ഒരു കലാപ ഭൂമിയാക്കാനാണ് ആര്‍എസ്എസ് ശ്രമം. അതിന്റെ ഭാഗമായി കേരളത്തിന്റെ എല്ലാ ജില്ലകളിലും ആര്‍എസ്എസ് ഒരാഴ്ച നീണ്ടുനിന്ന പരിശീലന പരിപാടി നടത്തി. ഇതില്‍ മൂവായിരത്തില്‍ പരം ആളുകള്‍ പങ്കെടുത്തു. അങ്ങനെ തലശ്ശേരിയില്‍ പങ്കെടുത്ത ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം. ആര്‍എസ്എസ്-ബിജെപി സംഘം കൊലക്കത്തി താഴെയിടാന്‍ തയ്യാറല്ല എന്നാണ് മനസ്സിലാക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ പെട്ടുപോകാതെ ബഹുജനങ്ങളെ സംഘടിപ്പിച്ച് കൊലപാതകികളെ ഒറ്റപ്പെടുത്തണം. ഇത്തരത്തില്‍ സംഭവങ്ങള്‍ നടത്തി സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആര്‍എസ്എസ് കരുതേണ്ട എന്നും കോടിയേരി പറഞ്ഞു. 

ഹരിദാസിന്റെ ശരീരമാസകലം വെട്ടുകള്‍; കാല്‍ മുറിച്ചുമാറ്റി

കൊരമ്പില്‍ താഴെ കുനിയില്‍ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്.

ഹരിദാസിന്റെ ശരീരമാസകലം വെട്ടേറ്റു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസിന്റെ വീടിന് തൊട്ട് മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഉടനെ തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഹരിദാസിനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസിനു നേരെ ആക്രമണമുണ്ടായത്. തലശ്ശേരി നഗരസഭ ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും.