ഈ കേസിന് എന്താണ് പ്രത്യേകത?; ഒരാളുടെ മൊഴി  അന്വേഷിക്കാന്‍ സമയം എന്തിന്?; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ല; ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2022 04:14 PM  |  

Last Updated: 22nd February 2022 04:14 PM  |   A+A-   |  

Actress against Dileep's plea to cancel further probe

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിന് എന്താണ് ഇത്ര പ്രത്യേകത?.ഒരാളുടെ മൊഴി അന്വേഷിക്കാന്‍ ഇത്രയും സമയമെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം ഇപ്പോള്‍ തന്നെ രണ്ട് മാസം പിന്നിട്ടുവെന്നും ഹൈക്കോടതി പറഞ്ഞു. 

തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും  ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര സമയം കൂടി വേണം എന്ന് കോടതി ചോദിച്ചു. സമയപരിധി നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നല്‍കി എന്നും കോടതി ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാര്‍ ഈ 4 വര്‍ഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ നിന്ന് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസില്‍ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് അപേക്ഷയില്‍ അതിജീവിത വ്യക്തമാക്കിയിരുന്നു.തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്നാണ് ദിലീപിന്റെ ആരോപണം.