സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2022 07:33 AM |
Last Updated: 03rd January 2022 07:33 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ക്രിസ്മസ് അവധിക്കു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും. ഒമൈക്രോൺ കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒമൈക്രോൺ രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് വരുന്നവർ ക്വാറന്റൈൻ കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
ഒമൈക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഈയാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും.
അതിനിടെ 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
വാക്‌സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ബോർഡും മുതിർന്നവരുടേതിന് നീല നിറവുമാണ്. വാക്‌സിനേഷനുള്ള ആക്‌ഷൻ പ്ലാൻ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലർജിയോ ഉണ്ടെങ്കിൽ വാക്‌സിൻ സ്വീകരിക്കുന്നതിന് മുൻപ് അറിയിക്കണം. ഒമൈക്രോൺ സാഹചര്യത്തിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.