നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; തുടരന്വേഷണം വേണമെന്ന ഹർജി ഇന്ന് പരി​ഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 06:44 AM  |  

Last Updated: 04th January 2022 06:44 AM  |   A+A-   |  

dileep

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെതിരെ പുറത്തു വന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ നിർത്തിവച്ചു തുടരന്വേഷണം നടത്താനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി ഇന്നു പരിഗണിക്കും. രണ്ടാമത്തെ സ്പെഷൽ പ്രോസിക്യൂട്ടറും രാജിവച്ച സന്ദർഭത്തിലാണു തുടരന്വേഷണ ഹർജി പരിഗണിക്കുന്നത്. 

സാക്ഷി വിസ്താരത്തിനിടയിൽ വിചാരണക്കോടതിയുടെ നിലപാടുകൾ പ്രോസിക്യൂഷനെ ദുർബലമാക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് രണ്ടാമത്തെ സ്പെഷൽ പ്രോസിക്യൂട്ടറും രാജി വച്ചത്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ പുതിയ സ്പെഷൽ പ്രോസിക്യൂട്ടറെ സംസ്ഥാന അഭ്യന്തര വകുപ്പ് നിയമിച്ചിട്ടില്ല. 

കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിന്റെ കൈവശമുണ്ടെന്നാണു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. 

കേസിന്റെ വിചാരണാ ഘട്ടം പൂർത്തിയാക്കാനിരിക്കെ ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് ഇത്തരം വെളിപ്പെടുത്തലുകൾ നടത്തിയതെന്നു വ്യക്തമല്ല. ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി നിജസ്ഥിതി ബോധ്യപ്പെട്ടില്ലെങ്കിൽ അതു ക്രിമിനൽ നടപടി ചട്ടങ്ങളുടെ ലംഘനമാകുമെന്നാണു പ്രോസിക്യൂഷൻ നിലപാട്. 

അതേസമയം, കേസിൽ സാക്ഷി വിസ്താരം തുടങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയ യാത്രകളും ടെലിഫോൺ വിളികളും പരിശോധിക്കണമെന്നാവശ്യപ്പെട്ടു നടൻ ദിലീപ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി. ക്വട്ടേഷൻ പ്രകാരം തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം നടത്തണമെന്ന് അഭ്യർഥിച്ചു കേസിലെ മുഖ്യസാക്ഷിയും അതിജീവിതയുമായ നടി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു.