പ്രണയത്തർക്കം; യുവാവ് ജീവനൊടുക്കി; കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ കാണാനില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 07:02 AM  |  

Last Updated: 04th January 2022 07:02 AM  |   A+A-   |  

hanged

പ്രതീകാത്മക ചിത്രം

 

കോട്ടയം: പ്രണയം സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു. ഇന്നലെ ഉച്ചയോടെ ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തു വച്ചാണ് സംഭവം. യുവാവ് ജീവനൊടുക്കിയതിന്റെ പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ പെൺകുട്ടിയെ കണ്ടെത്താനായില്ല. 

വെച്ചൂർ അംബികാ മാർക്കറ്റിനു സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ (അഞ്ചുതൈക്കൽ) പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയാണ് (19) തൂങ്ങി മരിച്ചത്. ഗോപിക്കൊപ്പം അവിടെ എത്തിയ പെൺകുട്ടിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. ബാഗും ഗോപി എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തു. 

പെൺകുട്ടിയുമായുള്ള പ്രണയം സംബന്ധിച്ച തർക്കം മൂലമാണ് ആത്മഹത്യയെന്ന് കത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ഗോപി മരിച്ചു കിടന്ന സ്ഥലത്തിനടുത്ത് മാലിക്കായൽ ഭാഗത്തു നിന്നു മാസ്ക്കും തൂവാലയും പൊലീസ് കണ്ടെത്തി. ഇതു പെൺകുട്ടിയുടേതാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോണും കണ്ടെത്തി. 

ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇരുവരും വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിയത്. ഇവർ നടന്നു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഒരു മണിക്കൂറിനു ശേഷം നാട്ടുകാരിൽ ചിലർ ഇതുവഴി പോയപ്പോഴാണു തൂങ്ങി മരിച്ച നിലയിൽ ഗോപിയെ കാണുന്നത്. പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടത്തെ വീട്ടുകാർ കണ്ടിരുന്നു. 

മൊബൈൽ ഫോൺ ടെക്നിഷ്യൻ ആണു ഗോപി. നഴ്സിങ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും ഗോപിയും മുൻപും ഇവിടെ എത്താറുണ്ടായിരുന്നു. കായൽ തീരത്ത് എത്തിയ ശേഷം ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി പറയുന്നു. പെൺകുട്ടിയെ കണ്ടെത്തിയാൽ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാൻ കഴിയൂ. ഗോപിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.