'നെഹ്‌റുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് നല്ലത്';കോണ്‍ഗ്രസിന് എതിരെ ബിനോയ് വിശ്വം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 01:55 PM  |  

Last Updated: 09th January 2022 01:55 PM  |   A+A-   |  

binoy_viswam

ബിനോയ് വിശ്വം/ഫയല്‍ ചിത്രം


 

കൊച്ചി: കോണ്‍ഗ്രസിന് എതിരെ വിമര്‍ശനവുമായി സിപിഐ എംപി ബിനോയ് വിശ്വം.  സിപിഐ ഇപ്പോഴും വിശ്വസിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് രരാജ്യത്ത് ഉദാരവല്‍ക്കരണം നടപ്പിലാക്കിയത് എന്നാണ്. ഉദാരവല്‍ക്കരണം നടപ്പിലാക്കിയതാണ് ഇപ്പോഴുള്ള മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. അതിന് കോണ്‍ഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നും ബിനോയ് വിശ്വം പറഞ്ഞു. 

പൊതുകമ്പനികളില്‍ സ്വകാര്യപങ്കാളിത്തം എന്ന രീതി കോണ്‍ഗ്രസ് തുടങ്ങിവെച്ചതാണ്. അത് ബിജെപിയും തുടരുന്നു എന്നേയുള്ളൂ. ഇതാണ് മുമ്പ്  പ്രസംഗങ്ങളില്‍ താന്‍ പരാമര്‍ശിച്ചത്. അത് മാധ്യമങ്ങള്‍ തെറ്റായി നല്‍കി. രാജ്യത്ത് കോണ്‍ഗ്രസ് തകരണമെന്ന്  ആഗ്രഹിക്കുന്നില്ല.  അത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വളര്‍ച്ചയ്ക്ക് കാരണമാകും. രാജ്യത്തിന്റെ മതേതര സ്വഭാവവുമാകും അതുവഴി നശിക്കുക-ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിന് എതിരെ സിപിഐയില്‍ നിന്ന് ബിനോയ് വിശ്വത്തിന് വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിനോയ് വിശ്വം രംഗത്തെത്തിയത്. 

കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രു ബിജെപിയും ആര്‍എസ്എസും ആണ്.  രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പോലും രാഹുല്‍ ഗാന്ധിയെ കണ്ടില്ല. അദ്ദേഹം അപ്പോഴും വിദേശത്താണ്. ഇതാണ് കോണ്‍ഗ്രസിന്റെഇപ്പോഴത്തെ അവസ്ഥ. നെഹ്‌റുവിന്റെ പല ആശയങ്ങളും കോണ്‍ഗ്രസ് മറക്കുകയാണ്. നെഹ്‌റുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ലത് എന്നും ബിനോയ് വിശ്വം പറഞ്ഞു. 

ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് നടത്തുന്ന ഭരണം രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണ്.  ഇവരെ പുറത്താക്കാന്‍ വേണ്ടി രാജ്യത്തെ സോഷ്യലിസ്റ്റുകള്‍ എല്ലാം ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.