ധീരജിന്റെ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍,നാളെ എസ്എഫ്‌ഐ പഠിപ്പു മുടക്ക്, അപലപിച്ച് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 04:34 PM  |  

Last Updated: 10th January 2022 04:34 PM  |   A+A-   |  

dheeraj

കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ്‌


ഇടുക്കി: പൈനാവ് എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ കസ്റ്റഡിയില്‍. സംഭവ ശേഷം ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. അതേസമയം, കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. 

നാളെ എസ്എഫ്‌ഐ പഠിപ്പ് മുടക്ക് 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ എസ്എഫ്‌ഐ സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. കൊലപാതകം ആസൂത്രിതമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് ആരോപിച്ചു. ക്യാമ്പസിനു പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് സച്ചിന്‍ദേവ് പറഞ്ഞു. 

കെഎസ്‌യു നടത്തുന്നത് അതിഭീകരമായ അക്രമമാണ്. അതിന് എല്ലാ സഹായവും നല്‍കുന്നത് യൂത്ത് കോണ്‍ഗ്രസാണ്. ഭ്രാന്ത് പിടിച്ച അക്രമി സംഘമായി കെഎസ്‌യു മാറി. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നും സച്ചിന്‍ദേവ് പറഞ്ഞു. 

അപലപിച്ച് മുഖ്യമന്ത്രി 

ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം പൊലീസിനു നല്‍കിയിട്ടുണ്ട്. ധീരജിന്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു-മുഖ്യമന്ത്രി പറഞ്ഞു.