സുധാകരന്റെ വേദിക്കരികെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ; മലപ്പുറത്ത് സംഘര്‍ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 07:24 PM  |  

Last Updated: 10th January 2022 07:27 PM  |   A+A-   |  

dyfi_malappuram

മലപ്പുറത്തെ സംഘര്‍ഷം/വീഡിയോ സ്‌ക്രീന്‍ഷോട്ട് 

 

മലപ്പുറം: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മലപ്പുറത്തും പത്തനംതിട്ടയിലും ഡിവൈഎഫ്‌ഐ-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മലപ്പുറത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് മേഖല കണ്‍വന്‍ഷന്‍ വേദിക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്. 

പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വേദിക്ക് സമീപമെത്തിയപ്പോഴാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കാനുള്ള ശ്രമം തുടരുകയാണ്. 

പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തില്‍, കോണ്‍ഗ്രസ് കൊടിമരങ്ങള്‍ നശിപ്പിച്ചു. നേര്‍ക്കുനേര്‍ നിന്ന പ്രവര്‍ത്തകരെ പൊലീസ് പിരിച്ചുവിട്ടു. നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 

അതേസമയം, ധീരജിന്റെ കൊലപാതകത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ധീരജിനെ കുത്തിയതായി കരുതുന്ന നിഖില്‍ പൈലിയാണ് പിടിയിലായിരിക്കുന്നത്. ബസില്‍ യാത്ര ചെയ്യവെയാണ് നിഖിലനെ പൊലീസ് പിടികൂടിയത്.

ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. പുറത്തുനിന്നെത്തിയ കോണ്‍ടഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്ന് എസ്എഫ്‌ഐ ആരോപിച്ചു. മൂന്നുപേര്‍ക്കാണ് കുത്തേറ്റത്. രണ്ടു വിദ്യാര്‍ത്ഥികളുടെ നില ഗുരുരതമാണ്.