ദിലീപിന്റെ വീട്ടില്‍ റെയ്ഡ്; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2022 12:22 PM  |  

Last Updated: 13th January 2022 12:43 PM  |   A+A-   |  

Dileep

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തേടി ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്‍രെ ആലുവയിലെ വീടായ പത്മസരോവരത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ.  

കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആലുവയിലെ വീട്ടിലെ ഹാളില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. 

ആലുവയിലെ വീട്ടില്‍ വെച്ച് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ഗള്‍ഫില്‍ നിന്നെത്തിയ വിഐപി ദിലീപിന് കൈമാറിയെന്നും, ഈ വീഡിയോ കാണാൻ ദിലീപ് ക്ഷണിച്ചെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വീട്ടില്‍ വെച്ച് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. 

പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരടക്കം ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. കേസില്‍ ദൃശ്യങ്ങള്‍ കൈമാറിയെന്ന് ആരോപണവിധേയനായ വിഐപിയും പ്രതിയാണ്. അന്വേഷണ ചുമതലയില്‍ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റണമെന്ന് ഒരു മന്ത്രിയെ വിളിച്ച് വിഐപി ആവശ്യപ്പെട്ടതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.