'ഈ സര്‍ക്കാരത്ര പോരാ!'; പൊലീസ് പിടിച്ചുപറിക്കാരുടെ സംഘമായി മാറി; ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ക്കെതിരെ സിപിഎം സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

കെ റെയില്‍ പദ്ധതി മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നു
സിപിഎം സമ്മേളനത്തിൽ മുഖ്യമന്ത്രിയും കോടിയേരിയും/ ഫെയ്സ്ബുക്ക് ചിത്രം
സിപിഎം സമ്മേളനത്തിൽ മുഖ്യമന്ത്രിയും കോടിയേരിയും/ ഫെയ്സ്ബുക്ക് ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എന്നാല്‍ തുടര്‍ഭരണത്തില്‍ ആ മികവ് പുലര്‍ത്താനായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണ്. ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ പ്രതിനിധികള്‍ നിശിതമായി വിമര്‍ശിച്ചു. 

പൊലീസ് പിടിച്ചുപറിക്കാരുടെ സംഘമായി മാറിയെന്ന് കോവളത്തു നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. നേരത്തെ കോവിഡ് രൂക്ഷമായിരുന്ന കാലത്ത് സംസ്‌കാരത്തിന് പൊലീസുകാരി വള ഊരി നല്‍കിയത് മാതൃകയായിരുന്നു. എന്നാല്‍ റെയില്‍വേട്രാക്കില്‍ മരിച്ചയാളുടെ ഫോണ്‍ തട്ടിയെടുത്ത് ഉപയോഗിക്കുന്ന തരത്തിലേക്ക് പൊലീസുകാര്‍ മാറി. പ്രതിയുടെ സഹോദരിയില്‍ നിന്നും 50000 രൂപ തട്ടിയെടുക്കുന്നു. ഇത്തരത്തില്‍ പൊലീസുകാര്‍ പിടിച്ചുപറിക്കാരുടെ സംഘമായി മാറിയിരിക്കുകയാണ്.

പൊലീസിനെതിരെ വ്യാപകമായ ആക്ഷേപങ്ങളുണ്ടായിട്ടും തിരുത്തല്‍ നടപടിക്കോ ഇടപെടലിനോ സര്‍ക്കാരും പൊലീസും തയ്യാറായിട്ടില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നപ്പോള്‍ കാര്യക്ഷമമായ രാഷ്ട്രീയ ഇടപെടലുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

സാധാരണ പാർട്ടി അംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാർ

ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെയും പ്രതിനിധികൾ വിമർശിച്ചു.  ഭരണം നടത്താൻ ചില സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്കാര്യം അവർ നോക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് എങ്ങനെയെന്നു മനസ്സിലാകുന്നില്ലെന്ന് വർക്കലയിൽ നിന്നുള്ള പ്രതിനിധി പൊതുചർച്ചയിൽ ചോദിച്ചു. 

സാധാരണക്കാരൻ വന്ന് കാണുമ്പോൾ സഹായം ചെയ്യേണ്ടത് പാർട്ടിയാണ്. മന്ത്രിമാരുടെ ഓഫിസുകളിൽനിന്നു സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നെന്നും പ്രതിനിധികളും വിമർശിച്ചു. ആരുടെയും ക്വട്ടേഷൻ പിടിച്ചല്ല, ജനങ്ങളുടെ ആവശ്യത്തിനാണ് മന്ത്രിമാരുടെ ഓഫിസിൽ പോകുന്നത്. എന്നാൽ ആരുടെയോ ക്വട്ടേഷനുമായി വന്നിരിക്കുന്നു എന്ന ധാരണയിലുള്ള പെരുമാറ്റമാണ് ഉദ്യോഗസ്ഥരുടേത്. സാധാരണ പാർട്ടിയംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാർ എന്ന് മനസ്സിലാക്കണമെന്നും ഒരു പ്രതിനിധി തുറന്നടിച്ചു. 

എം വി ഗോവിന്ദൻ കാഴ്ചക്കാരനായി മാറി

തദ്ദേശസ്വയംഭരണമന്ത്രി എംവി ഗോവിന്ദനെതിരെയും വിമര്‍ശനമുയര്‍ന്നു. വകുപ്പില്‍ പൂര്‍ണമായും ഉദ്യോഗസ്ഥ ഭരണമാണ്. വകുപ്പ് ഭരണം പൂര്‍ണമായും പരാജയമാണെന്നും, മന്ത്രി വെറും കാഴ്ചക്കാരനായി മാറിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ആര്‍ക്കും എത്തിപ്പെടാനാകുന്നില്ല. കെ റെയില്‍ പദ്ധതി മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നു. ഇതിനെതിരെ പാര്‍ട്ടി പ്രതിരോധം തീര്‍ക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 

തുരുത്തുകൾ അം​ഗീകരിക്കാനാവില്ല

വിഭാഗീയത ഇല്ലാതായെങ്കിലും നേതാക്കളെ ചുറ്റിപ്പറ്റി ചില തുരുത്തുകൾ ഉണ്ടാവുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇന്നലെ ജില്ലാ സമ്മേളനത്തിൽ പ്രസം​ഗിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. സാമൂഹികമാധ്യമങ്ങൾ വ്യക്ത്യാരാധനയ്ക്കുപയോഗിക്കാൻ പാടില്ല. പിഎസ് സി പരീക്ഷയിലെ കോപ്പിയടി വിവാദത്തിൽ എസ് എഫ്ഐ നേതാക്കൾ ഉൾപ്പെട്ട സംഭവം, കോർപ്പറേഷനിലെ നികുതിവെട്ടിപ്പ് എന്നിവ പാർട്ടിക്കു നാണക്കേടുണ്ടാക്കി. അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിലും ശരിയായ നിലപാട് സ്വീകരിക്കാനായോ എന്നത് പരിശോധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com