കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില; തിരുവാതിരക്ക് പിന്നാലെ സിപിഎം ജില്ലാ സമ്മേളനത്തിൽ ഗാനമേളയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2022 07:53 AM  |  

Last Updated: 17th January 2022 08:39 AM  |   A+A-   |  

ganamela

ജില്ലാ സമ്മേളനത്തിൽ സംഘടിപ്പിച്ച ​ഗാനമേള/ ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: മെഗാ തിരുവാതിരയ്ക്ക് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിൽ സംഘടിപ്പിച്ച ​ഗാനമേളയും വിവാദത്തിൽ. ജില്ലാ സമ്മേളനത്തിന്‍റെ സമാപന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഗാനമേള സംഘടിപ്പിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലയിൽ പൊതുപരിപാടികൾക്കും കൂട്ടം ചേരലിനും ജില്ലാ കളക്ടർ കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കോവിഡ് മാർ​ഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനങ്ങൾക്ക് ആരോ​ഗ്യമന്ത്രി വീണാ ജോർജും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാദ ​തിരുവാതിരയ്ക്ക് പിന്നാലെ ​ഗാനമേളയും സംഘടിപ്പിച്ചത്.  സമ്മേളന ചിട്ടവട്ടങ്ങൾ പൂർത്തിയായപ്പോൾ പ്രതിനിധികളെ ഉന്മേഷവാന്മാരാക്കാനായിരുന്നു ഗാനമേള. സ്വാഗത സംഘത്തിന്റെ വകയാണ് പരിപാടി സംഘടിപ്പിച്ചത്. 

നാല് പേർക്ക് കോവിഡ് പിടിപ്പെട്ട് കോവിഡ് ക്ലസ്റ്ററായി മാറിയതിന് പിന്നാലെയാണ് ഇതേ വേദിയിൽ തന്നെ ഗാനമേള സംഘടിപ്പിക്കപ്പെട്ടത്. സമാപന പൊതുയോഗത്തിന്റെ ഉദ്ഘാടനത്തിന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തുന്നത് വരെ പാറശാലയിലെ എസി മുറിയിൽ സംഘടിപ്പിച്ച  സം​ഗീതവിരുന്നിൽ പ്രതിനിധികൾ ആഹ്ലാദചിത്തരായി. 

ബിജെപി സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു

അതേസമയം കോവിഡ് നിയന്ത്രണം ലംഘിച്ച് ബിജെപി സമ്മേളനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് മുതലക്കുളം മൈതാനത്താണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.