തീരുമാനമെടുത്തത് 2019ല്‍; സര്‍ക്കാര്‍ നടപടി പാര്‍ട്ടി തീരുമാനം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെ പിന്തുണച്ച് കോടിയേരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2022 11:59 AM |
Last Updated: 20th January 2022 11:59 AM | A+A A- |

കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം
തിരുവനന്തപുരം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ റവന്യു വകുപ്പ് നടപടിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ നടപടിയെടുക്കുന്നത് പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ്. പട്ടയം റദ്ദാക്കാന്‍ 2019ലെ ക്യാബിനറ്റ് എടുത്ത തീരുമാനമാണ്. സിപിഎം,സിപിഐ ഇടുക്കി നേതൃതങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇടുക്കി ജില്ലയില്‍ കൊടുത്ത പട്ടയങ്ങള്‍ പരിശോധിച്ചപ്പോള്‍ രവീന്ദ്രന്‍ പട്ടയങ്ങള്‍ നിയമാനുസൃതമല്ല എന്നൊരു പ്രശ്‌നം വന്നു. അതിന്റെ അടിസ്ഥാനത്തില്‍ പട്ടയം ലഭിച്ചവര്‍ക്ക് ലോണെടുക്കാനോ മറ്റ് ആവശ്യങ്ങളോ പറ്റുന്നില്ല. ഇക്കാര്യം പരിശോധിച്ചുകൊണ്ടാണ് പട്ടയങ്ങള്‍ ക്രമപ്പെടുത്താന്‍ തീരുമാനിച്ചത്. അതിനാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. പട്ടയങ്ങള്‍ റദ്ദാക്കിയവര്‍ അപേക്ഷ നല്‍കിയാല്‍, ഓരോ കേസും പരിശോധിച്ച് ന്യായമാണെങ്കില്‍ അവര്‍ക്ക് പട്ടയം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അറുപത് ദിവസത്തിനുള്ളില്‍ ഈ അപേക്ഷകളില്‍ തീരുമാനമെടുക്കുംകോടിയേരി പറഞ്ഞു.
റവന്യു വകുപ്പ് നടപടിക്ക് എതിരെ എംഎം മണി എംഎല്‍എ രംഗത്തുവന്നിരുന്നു. 'പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. ഇ കെ നായനാര്‍ സര്‍ക്കാര്‍ നിയമപരമായി പട്ടയങ്ങള്‍ വിതരണം ചെയ്തതാണ്. റവന്യൂമന്ത്രിയായിരുന്ന ഇസ്മായില്‍ നേരിട്ടെത്തി പട്ടയമേള നടത്തിയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. എ കെ മണി എംഎല്‍എ അധ്യക്ഷനായ സമിതി പാസ്സാക്കിയത് അനുസരിച്ചാണ് പട്ടയം നല്‍കിയത്.
പട്ടയം റദ്ദാക്കിയതില്‍ നിയമവശങ്ങള്‍ അടക്കം പരിശോധിക്കേണ്ടതുണ്ട്. പട്ടയം കിട്ടുന്നതിന് മുമ്പു തന്നെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതാണ്. പഴയ ഓഫീസ് മാറിയെന്ന് മാത്രം. പുതുതായി പണിതു. അവിടെ വന്നൊന്നും ചെയ്യാന്‍ ആരെയും അനുവദിക്കുന്ന പ്രശ്‌നമില്ല' മണി പറഞ്ഞു.
ആളുകള്‍തെരുവിലേക്കിറങ്ങും
അഡീഷണല്‍ തഹസില്‍ദാരായിരുന്ന രവീന്ദ്രനെ അന്ന് ജില്ലാ കലക്ടറാണ് ചുമതലപ്പെടുത്തിയത്. മേള നടത്തി കൊടുത്ത പട്ടയം റദ്ദാക്കാനുള്ള കാരണം എന്താണെന്ന് റവന്യൂ മന്ത്രിയോടും റവന്യൂ വകുപ്പിനോടും ചോദിക്കണം. ആളുകള്‍ എതിര്‍പ്പുമായി തെരുവിലേക്കിറങ്ങും. വേറെ കാര്യമൊന്നുമില്ല. ആളുകള്‍ എന്താണെന്ന് വെച്ചാല്‍ ചെയ്‌തോട്ടെ. ഈ ഉത്തരവ് ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യുമല്ലോ എന്നും എംഎം മണി ചോദിച്ചു.
'പട്ടയം കിട്ടിയപ്പോള്‍ സിപിഎം ഓഫീസ് ഉണ്ടാക്കിയതല്ല, അതിന് മുമ്പും പാര്‍ട്ടിക്ക് അവിടെ ഓഫീസുണ്ട്. പതിറ്റാണ്ടുകളായി ഓഫീസ് പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി ഓഫീസിന്മേല്‍ തൊടാന്‍ ഒരു പുല്ലനേയും അനുവദിക്കില്ല. അതൊന്നും വലിയ കേസല്ല. അവിടെയൊന്നും ആരും തൊടാന്‍ വരില്ല. റദ്ദാക്കിയെന്ന് പറഞ്ഞ് അതെല്ലാം പിടിച്ചെടുക്കുമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. അതിന്റെ നിയമവശങ്ങള്‍ നോക്കട്ടെ'യെന്നും എംഎം മണി പറഞ്ഞു.
വിഎസിന്റെ കാലത്ത് ഉദ്യോഗസ്ഥര്‍ തോന്ന്യാസം കാണിച്ചു
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത് ഈ പട്ടയവുമായി ബന്ധപ്പെട്ടല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിഎസിന്റെ കാലത്ത് അദ്ദേഹം ചുമതലപ്പെടുത്തിയ ചില ഉദ്യോഗസ്ഥര്‍ തോന്ന്യാസം കാണിച്ചതിനെത്തുടര്‍ന്നാണ് വിവാദം ഉണ്ടായതെന്ന് മണി പറഞ്ഞു. സിപിഐയുടെ ഓഫീസ് ഇടിച്ചു നിരത്താന്‍ പോയതെല്ലാം വിവാദമായി.
അനധികൃത നിര്‍മാണം നടക്കുമ്പോള്‍ നോക്കേണ്ടവര്‍ എവിടെയായിരുന്നുവെന്നും എം എം മണി ചോദിച്ചു. മാറിമാറിവന്ന സര്‍ക്കാരുകള്‍ നോക്കി നിന്നിട്ട് ഇപ്പോള്‍ റദ്ദാക്കുന്നതില്‍ യുക്തിയില്ല. പട്ടയം നല്‍കുമ്പോള്‍ അവിടെ കെട്ടിടങ്ങളില്ല. അവ പിന്നീട് ഉയര്‍ന്നതാണ്. ഇടുക്കിയില്‍ മാത്രമാണോ അനധികൃത കെട്ടിടങ്ങളുള്ളതെന്നും മണി ചോദിച്ചു.