വിഎസിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ തെറ്റായിരുന്നു; മണിയുടെ നിലപാട് ശരി; പട്ടയം റദ്ദാക്കുന്നത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ല: കെ ഇ ഇസ്മയില്‍

പട്ടയം നല്‍തിയതിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം വിജയിക്കില്ല
കെ ഇ ഇസ്മയില്‍/ഫയല്‍
കെ ഇ ഇസ്മയില്‍/ഫയല്‍


പാലക്കാട്: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിക്ക് എതിരെ സിപിഐ നേതാവും മുന്‍ റവന്യു മന്ത്രിയുമായ കെ ഇ ഇസ്മയില്‍. വിഎസിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ തെറ്റായിരുന്നു. പാര്‍ട്ടി ഓഫീസ് പൊളിക്കാന്‍വന്നാല്‍ തടയുമെന്ന എംഎം മണിയുടെ നിലപാട് ശരിയാണെന്നും കെ ഇ ഇസ്മായില്‍ പറഞ്ഞു. 

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പട്ടയം നല്‍തിയതിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. പൊളിക്കേണ്ടത് അനധികൃത റിസോര്‍ട്ടുകളാണ്. ഇതെല്ലാം പൊളിക്കാതെയാണ് അന്ന് പാര്‍ട്ടി ഓഫീസ് പൊളിക്കാന്‍ വന്നത്. അന്നുതന്നെ വിവാദമുണ്ടാക്കിയതാണ്. നടപടി ഏപക്ഷീയമായി തീരുമാനിച്ചതായിരുന്നു എന്നും ഇസ്മയില്‍ പറഞ്ഞു. 

പട്ടയമേള നടത്തി നല്‍കിയത് നിയമപരമായി ചെയ്ത പട്ടയങ്ങളാണ്. പട്ടയങ്ങള്‍ തയ്യാറാക്കാനായി ജില്ലാ കലക്ടര്‍ അഡിഷണല്‍ തഹസില്‍ദാര്‍ രവീന്ദ്രനെ ചുമതലപ്പെടുത്തിയതാണ്. അതിന് ശേഷം ഒരുപാട് സര്‍ക്കാരുകള്‍ മാറിവന്നു. ഇപ്പോള്‍ വീണ്ടും വിഷയമാക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ, 530 പട്ടയങ്ങള്‍ റദ്ദാനുള്ള റവന്യു വകുപ്പ് നടപടിക്ക് എതിരെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി രംഗത്തുവന്നിരുന്നു. 'പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. ഇ കെ നായനാര്‍ സര്‍ക്കാര്‍ നിയമപരമായി പട്ടയങ്ങള്‍ വിതരണം ചെയ്തതാണ്. റവന്യൂമന്ത്രിയായിരുന്ന ഇസ്മായില്‍ നേരിട്ടെത്തി പട്ടയമേള നടത്തിയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. എ കെ മണി എംഎല്‍എ അധ്യക്ഷനായ സമിതി പാസ്സാക്കിയത് അനുസരിച്ചാണ് പട്ടയം നല്‍കിയത്.

പട്ടയം റദ്ദാക്കിയതില്‍ നിയമവശങ്ങള്‍ അടക്കം പരിശോധിക്കേണ്ടതുണ്ട്. പട്ടയം കിട്ടുന്നതിന് മുമ്പു തന്നെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതാണ്. പഴയ ഓഫീസ് മാറിയെന്ന് മാത്രം. പുതുതായി പണിതു. അവിടെ വന്നൊന്നും ചെയ്യാന്‍ ആരെയും അനുവദിക്കുന്ന പ്രശ്നമില്ല' മണി പറഞ്ഞു. 

ആളുകള്‍തെരുവിലേക്കിറങ്ങും

അഡീഷണല്‍ തഹസില്‍ദാരായിരുന്ന രവീന്ദ്രനെ അന്ന് ജില്ലാ കലക്ടറാണ് ചുമതലപ്പെടുത്തിയത്. മേള നടത്തി കൊടുത്ത പട്ടയം റദ്ദാക്കാനുള്ള കാരണം എന്താണെന്ന് റവന്യൂ മന്ത്രിയോടും റവന്യൂ വകുപ്പിനോടും ചോദിക്കണം. ആളുകള്‍ എതിര്‍പ്പുമായി തെരുവിലേക്കിറങ്ങും. വേറെ കാര്യമൊന്നുമില്ല. ആളുകള്‍ എന്താണെന്ന് വെച്ചാല്‍ ചെയ്തോട്ടെ. ഈ ഉത്തരവ് ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യുമല്ലോ എന്നും എംഎം മണി ചോദിച്ചു.

'പട്ടയം കിട്ടിയപ്പോള്‍ സിപിഎം ഓഫീസ് ഉണ്ടാക്കിയതല്ല, അതിന് മുമ്പും പാര്‍ട്ടിക്ക് അവിടെ ഓഫീസുണ്ട്. പതിറ്റാണ്ടുകളായി ഓഫീസ് പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി ഓഫീസിന്മേല്‍ തൊടാന്‍ ഒരു പുല്ലനേയും അനുവദിക്കില്ല. അതൊന്നും വലിയ കേസല്ല. അവിടെയൊന്നും ആരും തൊടാന്‍ വരില്ല. റദ്ദാക്കിയെന്ന് പറഞ്ഞ് അതെല്ലാം പിടിച്ചെടുക്കുമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. അതിന്റെ നിയമവശങ്ങള്‍ നോക്കട്ടെ'യെന്നും എംഎം മണി പറഞ്ഞു.

വിഎസിന്റെ കാലത്ത് ഉദ്യോഗസ്ഥര്‍ തോന്ന്യാസം കാണിച്ചു

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത് ഈ പട്ടയവുമായി ബന്ധപ്പെട്ടല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിഎസിന്റെ കാലത്ത് അദ്ദേഹം ചുമതലപ്പെടുത്തിയ ചില ഉദ്യോഗസ്ഥര്‍ തോന്ന്യാസം കാണിച്ചതിനെത്തുടര്‍ന്നാണ് വിവാദം ഉണ്ടായതെന്ന് മണി പറഞ്ഞു. സിപിഐയുടെ ഓഫീസ് ഇടിച്ചു നിരത്താന്‍ പോയതെല്ലാം വിവാദമായി.

അനധികൃത നിര്‍മാണം നടക്കുമ്പോള്‍ നോക്കേണ്ടവര്‍ എവിടെയായിരുന്നുവെന്നും എം എം മണി ചോദിച്ചു. മാറിമാറിവന്ന സര്‍ക്കാരുകള്‍ നോക്കി നിന്നിട്ട് ഇപ്പോള്‍ റദ്ദാക്കുന്നതില്‍ യുക്തിയില്ല. പട്ടയം നല്‍കുമ്പോള്‍ അവിടെ കെട്ടിടങ്ങളില്ല. അവ പിന്നീട് ഉയര്‍ന്നതാണ്. ഇടുക്കിയില്‍ മാത്രമാണോ അനധികൃത കെട്ടിടങ്ങളുള്ളതെന്നും മണി ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com