നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുമോ?; പിടിവിട്ട് വൈറസ് വ്യാപനം; കോവിഡ് അവലോകന യോഗം ഇന്ന് 

തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നത് യോഗത്തില്‍ ചര്‍ച്ചയാകും
പൊലീസ് പരിശോധന / ഫയൽ ചിത്രം
പൊലീസ് പരിശോധന / ഫയൽ ചിത്രം

തിരുവനന്തപുരം: കോവിഡ് അവലോകനയോഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചുമണിയ്ക്ക് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കും. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നത് യോഗത്തില്‍ ചര്‍ച്ചയാകും. 

എറണാകുളം ജില്ലയില്‍ ഇന്നലെ രോഗബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ടിപിആറിന് പകരം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം നോക്കിയുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷമുള്ള സാഹചര്യം അവലോകന യോഗം വിലയിരുത്തും. 

രോഗവ്യാപനം രൂക്ഷമാണെങ്കിലും ലോക്ഡൗണ്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് സര്‍ക്കാരിന് താല്‍പ്പര്യമില്ല. അതേസമയം നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത് യോഗം പരിഗണിച്ചേക്കും. നിലവില്‍ എ,ബി,സി കാറ്റഗറി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

എന്നാല്‍ ഈ മൂന്നു കാറ്റഗറിയിലും പെടാതെ നിരവധി ജില്ലകളുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ ജില്ലകളെ ഏതെങ്കിലും കാറ്റഗറിയിലേക്ക് ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com