ഐസിയു കിടക്കകളും ഓക്‌സിജനും ആവശ്യത്തിനുണ്ട്; മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

കോവിഡ്, നോണ്‍ കോവിഡ് മരുന്നുകള്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ട്
മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം
മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികില്‍സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു മെഡിക്കല്‍ കോളജിലും കോവിഡ് മൂലം ചികിത്സകള്‍ക്ക് പ്രതിസന്ധി ഉണ്ടായിട്ടില്ല. ആശുപത്രികളില്‍ ഐസിയു കിടക്കകളും ഓക്‌സിജനും ആവശ്യത്തിനുണ്ട്. ഒരിടത്തും മരുന്ന് ക്ഷാമവുമില്ലെന്ന് മന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ ആശുപത്രികളിലെ 57 ശതമാനം ഐസിയു ബെഡുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് മരുന്ന് സ്റ്റോക്കുണ്ട്. കോവിഡിന്റെ മൂന്നാംതരംഗം നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണ്. സാധാരണ ബെഡുകള്‍, ഐസിയു ബെഡ്ഡുകള്‍, വെന്റിലേറ്ററുകള്‍ എല്ലാം ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

മൂന്നാം തരംഗത്തിലേക്ക് എത്തപ്പെടുമ്പോള്‍, വളരെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കോവിഡ്, നോണ്‍ കോവിഡ് മരുന്നുകള്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ട്. അത് ജില്ലകളിലേക്ക് ആവശ്യത്തിന് വിതരണം ചെയ്യുന്നുണ്ട് എന്നതും ദിനംപ്രതി വിലയിരുത്തി ഉറപ്പാക്കുന്നുണ്ട്. 

ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പെട്ടെന്ന് വൈറസ് ബാധ ഉണ്ടാകുന്ന സാഹചര്യമുണ്ട്. അത് കണക്കിലെടുത്ത് അതനുസരിച്ചുള്ള ആസൂത്രണം ഓരോ ആശുപത്രികളിലും കൃത്യമായി ഒരുക്കിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. മെഡിക്കല്‍ കോളജുകളില്‍ ഐസിയു ബെഡ്ഡുകളെല്ലാം നിറഞ്ഞു എന്നത് തെറ്റായ വാര്‍ത്തകളാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com