ജിമ്മുകള്‍ ക്ഷേത്രങ്ങളും പള്ളികളും പോലെ പുണ്യസ്ഥലം; 3 മാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണം: ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 08:35 AM  |  

Last Updated: 12th July 2022 08:35 AM  |   A+A-   |  

gym

പ്രതീകാത്മക ചിത്രം

 

കൊച്ചി: സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങൾക്കും മൂന്നുമാസത്തിനകം ലൈസൻസ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. കേരള പ്ളേസ് ഒഫ് പബ്ളിക് റിസോർട്ട് ആക്ട് പ്രകാരം ലൈസൻസ് നിർബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. പള്ളികളും ക്ഷേത്രങ്ങളും പോലെ യുവാക്കളുടേയും മറ്റും പുണ്യസ്ഥലമായി ജിമ്മുകൾ മാറിയെന്ന് കോടതി വിലയിരുത്തി. 

ജിമ്മിൽ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്. എല്ലാ നിയമാനുസൃത ലൈസൻസുകളും നേടി നിയമപരമായായിരിക്കണം ജിമ്മുകളുടെ പ്രവർത്തനം എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.

സംഗീത, വിനോദ പരിപാടികൾക്കും വിവിധ തരത്തിലുള്ള ഗെയിമുകൾക്കുമൊക്കെവേണ്ടി സ്ഥിരമായോ താത്കാലികമായോ ഒരുക്കുന്ന ഹാളുകൾക്കും മറ്റും ലൈസൻസ് നൽകാനാണ് കേരള പ്ളേസ് ഒഫ് പബ്ളിക് റിസോർട്ട്  ആക്‌ട് നടപ്പാക്കിയിട്ടുള്ളത്. ഇത് ജിംനേഷ്യങ്ങൾക്കും ബാധകമാണെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. നെയ്യാറ്റിൻകരയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ജിംനേഷ്യത്തിനെതിരെ സമീപവാസി സി ധന്യ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് വിധി.

ലൈസൻസില്ലാതെ ജിം പ്രവർത്തിക്കുന്നോ എന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്. സർക്കാർ ഇത് സംബന്ധിച്ച നിർദ്ദേശം നൽകണം. ഉണ്ടെന്ന് കണ്ടാൽ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന് നോട്ടീസ് നൽകണം. ഇത് സംബന്ധിച്ച് മൂന്നാഴ്‌ചയ്ക്കകം സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിവാഹ വാഗ്ദാനം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഗര്‍ഭഛിദ്രം നടത്തി മുങ്ങി, യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ