കെഎസ്ആർടിസി ബസ്സിനു പിന്നിൽ ആംബുലൻസ് ഇടിച്ചു, ചികിത്സയ്ക്ക് കൊണ്ടുപോയ നവജാത ശിശു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 07:45 AM  |  

Last Updated: 21st July 2022 07:45 AM  |   A+A-   |  

ambulance_accident

അപകടത്തിൽപ്പെട്ട ആംബുലൻസ്

 

തൃശൂർ: കെഎസ്ആര്‍ടിസി ബസിന് പുറകില്‍  ഇടിച്ച് ആംബുലന്‍സില്‍ ചികിത്സയ്ക്ക് കൊണ്ടുപോയ നവജാത ശിശു മരിച്ചു. മംഗലം അമ്മാട്ടി കുളങ്ങലകത്ത് സ്വദേശി ഷെഫീഖ് - അന്‍ഷിത ദമ്പതികളുടെ ഒന്നരമാസം പ്രായമായ ഇരട്ട ആണ്‍കുട്ടികളില്‍ ഒരാളാണ് മരിച്ചത്. മറ്റേ കുട്ടി അപകടനില തരണം ചെയ്തു. മുളങ്കുന്നത്തുകാവ് വെളപ്പായ റോഡില്‍ ബുധനാഴ്ച്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.  

ട്രാന്‍സ്‌പോര്‍ട്ട് ബസിനു മുന്‍പില്‍ തെന്നി വീണ ബൈക്ക് യാത്രികനെ രക്ഷിക്കാനായി ബസ് പെട്ടെന്ന്  ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്നാണ്, തൊട്ടു പുറകില്‍  കുഞ്ഞുങ്ങളുമായി വന്നിരുന്ന ആംബുലന്‍സ് ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കഫക്കെട്ട് കൂടി ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ ഓട്ടുപാറ ഡോക്‌ടേഴ്‌സ് മെഡിക്കല്‍ സെന്ററില്‍ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് അപകടം നടന്നത്. 

ആംബുലന്‍സ് ഡ്രൈവര്‍ നൗഷാദ്, ഷെഫീഖിന്റെ ഉമ്മ സൈനബ, ബന്ധുവായ ഷബീര്‍ എന്നിവര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സൈനബയുടെ പരുക്ക് ഗുരുതരമാണ്. സൈനബയുടെ മടിയിലായിരുന്നു മരിച്ച കുഞ്ഞ്. അപകടത്തില്‍ കുഞ്ഞിന്റെ തല ആംബുലന്‍സിന്റെ സൈഡില്‍ തട്ടുകയായിരുന്നു. വടക്കാഞ്ചേരി ഓട്ടുപാറ ഡോക്ടേഴ്‌സ് മെഡിക്കല്‍ സെന്ററിന്റെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്നു വാഹനങ്ങള്‍ നടുറോഡില്‍ കിടക്കുന്നതിനാല്‍ തൃശൂര്‍ - ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയിലെ വെളപ്പായയില്‍ ഗതാഗതം ഏറെ നേരം സ്തംഭിച്ചു.  മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

മദ്യലഹരിയില്‍ മത്സരയോട്ടം; മഹീന്ദ്ര ഥാര്‍ ടാക്‌സിയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ