നടിയെ ആക്രമിച്ച കേസ് : എഡിജിപി ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 02:29 PM  |  

Last Updated: 07th June 2022 02:29 PM  |   A+A-   |  

actress attacked case in highcourt

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശ്രീജിത്തിന്റെ സ്ഥലംമാറ്റം സംബന്ധിച്ച സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ചാണ്  ഹൈക്കോടതി നടപടി. 

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശ്രീജിത്തിനെ കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും നീക്കിയത് ചോദ്യം ചെയ്ത് സംവിധായകനായ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

കേസന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ അവശേഷിക്കെ ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ ബൈജു കൊട്ടാരക്കര സൂചിപ്പിച്ചു. ഉയര്‍ന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരെ രണ്ടുവര്‍ഷത്തേക്ക് മാറ്റരുതെന്ന സുപ്രീംകോടതി നിര്‍ദേശമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചതായും, കേസിന്റെ മേല്‍നോട്ടച്ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന് ആണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

ആ രണ്ട് മൊബൈല്‍ ഫോണുകള്‍ എവിടെ?; കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ