മുഖ്യമന്ത്രിയുടെ സംരക്ഷണം പാര്‍ട്ടിക്ക് ഏറ്റെടുക്കേണ്ടിവരും; പിണറായി രക്ഷപ്പെട്ടത് ജയരാജന്‍ തടഞ്ഞതുകൊണ്ടുമാത്രം: സിപിഎം

വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഈ ഘട്ടത്തില്‍ ഇടപെട്ട് തടഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി അക്രമകാരികളില്‍ നിന്ന് രക്ഷപ്പെട്ടത്
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: കോണ്‍ഗ്രസ് അക്രമം തുടര്‍ന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ പാര്‍ട്ടിക്ക് ഏറ്റെടുക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച് നടന്ന അക്രമ ശ്രമത്തില്‍ സമാധാനപരമായ ശക്തമായ പ്രതിഷേധം ഉയരണം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ഇന്റിഗോ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യവെയാണ് യൂത്ത് കോണ്‍ഗ്രസ നേതാക്കള്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്. വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഈ ഘട്ടത്തില്‍ ഇടപെട്ട് തടഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി അക്രമകാരികളില്‍ നിന്ന് രക്ഷപ്പെട്ടത്. ഒരുഭാഗത്ത് മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങള്‍ക്കാണ് യുഡിഎഫും, ബിജെപിയും നേതൃത്വം നല്‍കുന്നത്. വിമാനത്തിലെ സംഭവങ്ങള്‍ ഈ കാര്യത്തിന് അടിവരയിടുന്നു.- സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

വിമാനത്തില്‍ കയറി യാത്രക്കാരെ അക്രമിക്കുക എന്നത് ഭീകരവാദ സംഘടനകള്‍ സ്വീകരിക്കുന്ന വഴിയാണ്. ആ വഴിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ തെരഞ്ഞെടുത്തിട്ടുള്ളത്. ഒരുഭാഗത്ത് ജനാധിപത്യത്തെ സംബന്ധിച്ച് പ്രസംഗിക്കുകയും, മറുഭാഗത്ത് ബോധപൂര്‍വ്വമായി അക്രമങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെയും കോണ്‍ഗ്രസ് സ്വീകരിക്കുകയും ചെയ്തിട്ടുള്ളത്. 

ഇല്ലാ കഥകള്‍ സംഘപരിവാര്‍ സൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അക്രമങ്ങള്‍ സംഘടിപ്പിച്ച് ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നടപടിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയെ പോലും ഇല്ലാ കഥകളുണ്ടാക്കി അക്രമിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിന്റെ നടപടികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണം. സുരക്ഷാ സംവിധാനമില്ലാത്ത വിമാനത്തിലുള്‍പ്പടെ അക്രമണം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെയുള്ള സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com