തിരുവനന്തപുരം: ഇഡിയോടുള്ള നിലപാടില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മുന്‍മന്ത്രി കെ കെ ശൈലജ. ഇഡി രാഹുലിനെ പിടിക്കുമ്പോള്‍ പ്രതിപക്ഷത്തിന് 'ഓഹോ'. മുഖ്യമന്ത്രിക്ക് നേരെ ഇഡി വരുമ്പോള്‍ പ്രതിപക്ഷത്തിന് 'ആഹാ' എന്നുമാണ് നിലപാട്. ഇപി ജയരാജന്‍ വിമാനത്തില്‍ പ്രതിഷേധക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയതിനെയും ശൈലജ നിയമസഭയിൽ ന്യായീകരിച്ചു.
വിമാനത്തില്‍ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ വന്നപ്പോള്‍ ഇപി ജയരാജന്‍ കയ്യും കെട്ടി നോക്കി നില്‍ക്കണമായിരുന്നോയെന്ന് ശൈലജ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍രെ പ്രവര്‍ത്തകര്‍ വിമാനത്തില്‍ ടിക്കറ്റെടുത്ത് കയറിയ കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ മുഖ്യമന്ത്രി അവരുടെ യാത്ര തടഞ്ഞിരുന്നില്ല എന്നകാര്യവും ശൈലജ ഓര്‍മ്മിപ്പിച്ചു. രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിക്കയറിയത് തെറ്റാണ്. അത് തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ആ രാഷ്ട്രീയമാന്യതയുടെ നാലയലത്ത് വരാന്‍ ഇവിടത്തെ യുഡിഎഫിന് സാധിക്കുമോയെന്ന് ശൈലജ ചോദിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം മുങ്ങിത്താഴാന്‍ പോകുന്ന കോണ്‍ഗ്രസിന് കച്ചിത്തുരുമ്പാണ്. തൃക്കാക്കരയിലെ വിജയം പണം കൊടുത്ത് നേടിയതാണോ?. ട്വന്റി-ട്വന്റി, എസ്ഡിപിഐ, ബിജെപി, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവയുടേയെല്ലാം കൂട്ടുപിടിച്ച് ഒരു സീറ്റ് നിലനിര്‍ത്തിയതിന്റെ അഹങ്കാരമാണ് കോണ്‍ഗ്രസ് കാണിക്കുന്നത്. എല്ലാ വര്‍ഗീയവാദികളേയും അരാജകവാദികളേയും കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് വളരെ തരംതാണുപോയിയെന്നും കെ കെ ശൈലജ പറഞ്ഞു. തൃക്കാക്കരയിലെ വിജയം കൊണ്ട് എല്ലാമായി എന്നു കരുതിയാല്‍ സര്‍വനാശമാകും ഉണ്ടാകുകയെന്ന് ശൈലജ പറഞ്ഞു.
കുട്ടിക്കുരങ്ങന്മാരെ ചുടുചോറ് മാന്തിക്കാന്‍ ആരാണ് പറഞ്ഞുവിട്ടത്?
ബഫര്‍ സോണ്‍ വിഷയത്തില്‍ എംഎല്‍എമാര്‍ അടക്കം ഒരുമിച്ച് നീങ്ങുമ്പോള്‍ ഈ കുട്ടിക്കുരങ്ങന്മാരെ ചുടുചോറ് മാന്തിക്കാന്‍ ആരാണ് രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് പറഞ്ഞു വിട്ടതെന്ന് ടി സിദ്ദിഖ് ചോദിച്ചു. ഇത് വലിയ ഗൂഢാലോചനയാണ്. അവിടെയാണ് പ്രശ്‌നം. ബഫര്‍ സോണ്‍ വിഷയത്തില്‍ എസ്എഫ്‌ഐയുടെ ഒരു പ്രസ്താവനയെങ്കിലും കാണിച്ചു തരുമോ?. വിധി പറഞ്ഞ ജുഡീഷ്യറിയുടെ ഭാഗമാണോ രാഹുല്‍ഗാന്ധിയെന്നും സിദ്ധിഖ് ചോദിച്ചു. പിറകിലൂടെ ഓഫീസില്‍ കയറുന്ന സംസ്‌കാരം എസ്എഫ്‌ഐ എപ്പോഴാണ് ആരംഭിച്ചത്?. വാഴയുമായി എവിടെയെങ്കിലും മാര്‍ച്ച് നടത്തുന്നത് കണ്ടിട്ടുണ്ടോ?.
കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ ചായം പൂശി നിങ്ങളുടെ കൊടി ഉയര്‍ത്തി. രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ വാഴയുടെ കൂടെ കൊടി വെച്ചു. അന്യന്റെ അനുവാദമില്ലാതെ ഏതുസ്ഥലത്തും കൊണ്ടുവെക്കാന്‍ പറ്റുന്ന ഒരു മാന്യതയും അന്തസ്സുമില്ലാത്ത സാധനമാണോ നിങ്ങളുടെ കൊടി?. ഇതാണോ നിങ്ങളുടെ പാര്‍ട്ടിയും സംസ്‌കാരവുമെന്ന് സിദ്ധിഖ് ചോദിച്ചു. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്തത് ആരാണ്?. ജനവിധിയുടെ പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ എല്‍ഡിഎഫിന് അന്ത്യയാത്ര ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates