റഷ്യ യുദ്ധത്തില്‍ നിന്ന് പിന്മാറണം; ലോകത്തെയാകെ അശാന്തിയിലേക്ക് തള്ളിവിടുന്നു: സിപിഎം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 02:52 PM  |  

Last Updated: 01st March 2022 02:52 PM  |   A+A-   |  

yechuri inagurates cpm convention

സിപിഎം സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു/ ഫെയ്സ്ബുക്ക്

 

കൊച്ചി: യുക്രൈന്‍ അധിനിവേശം റഷ്യ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. റഷ്യ യുദ്ധത്തില്‍ നിന്ന് പിന്മാറണം. യുക്രൈനിലെ നിലവിലെ സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്നും യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു രാജ്യത്തിന്റെ സുരക്ഷ മറ്റൊരു രാജ്യത്തെ ബാധിക്കരുത്. ഒരു ലക്ഷത്തോളം നാറ്റോ സൈനികരാണ് റഷ്യന്‍ അതിര്‍ത്തികളിലുള്ളത്. ഇതാണ് റഷ്യയുടെ ആശങ്കയുടെ കാരണം. മേഖലയില്‍ നാറ്റോ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് പാലിച്ചില്ല. നാറ്റോ കിഴക്കന്‍ യുറോപ്പിലേക്ക് വ്യാപിക്കില്ല എന്ന ഉറപ്പും അമേരിക്ക ലംഘിച്ചു. 

പുടിന്‍ സങ്കുചിത ദേശീയ വാദം ശക്തിപ്പെടുത്തി

പുടിന്‍ സങ്കുചിതമായ ദേശീയ വാദം ശക്തിപ്പെടുത്തി. സോവിയറ്റ് യൂണിയന്‍ രൂപീകരിക്കുമ്പോള്‍ തന്നെ യുക്രൈന് സ്വതന്ത്ര പദവി നല്‍കിയത് ലെനിന്റെ പിഴവ് എന്ന് പുടിന്‍ പ്രചരിപ്പിച്ചു. ലോകത്തെയാകെ അശാന്തിയിലേക്ക് തള്ളിവിടുന്ന യുക്രൈന്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. 

ചൈനയുടെ ശക്തിയെ അമേരിക്ക ഭയക്കുന്നു

ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ യുദ്ധഭീതിയില്‍ ജന്‍മനാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി നടപടികള്‍ ഫോട്ടോ ഷൂട്ടുകളാക്കി മാറ്റുകയാണെന്നും യെച്ചൂരി പരിഹസിച്ചു. ലോകരാജ്യങ്ങളില്‍ ചൈനയുടെ ശക്തി വര്‍ദ്ധിക്കുകയാണ്. ഇതിനെ അമേരിക്ക ഭയക്കുന്നു. അതിനാല്‍ ചൈനയെ ഒറ്റപ്പെടുത്തി വളയുക എന്ന തന്ത്രമാണ് അമേരിക്ക ഉപയോഗിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ  ജൂനിയര്‍ പാര്‍ട്‌നര്‍ ആയി ഇന്ത്യ മാറിയെന്നും യെച്ചൂരി പറഞ്ഞു. 

വിദേശനയം അമേരിക്കയ്ക്ക് അടിയറവ് വച്ചു

കേന്ദ്രം ഭരണഘടനയുടെ അടിസ്ഥാന ശിലകളെ സംഘടിതമായി അട്ടിമറിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷം പിടിക്കുന്നു. വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നു. രാജ്യത്തിന്റെ സ്വത്ത് സ്വകാര്യവല്‍ക്കരിച്ച് കൊള്ളയടിക്കുന്നു. ഇന്ത്യയുടെ വിദേശനയം അമേരിക്കയ്ക്ക് അടിയറവ് വച്ചുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു. 

ബിജെപിയെ ഒറ്റപ്പെടുത്തുക എന്നതാണ് പ്രധാനം

ബിജെപിയുടെ അപകടകരമായ പ്രത്യയശാസ്ത്രത്തിന് ബദല്‍ ഉയര്‍ത്തുന്നത് കേരളമാണ്. കേരളം ശക്തമായി പ്രതികരിക്കുന്നത് കൊണ്ടാണ് സിപിഎമ്മിനെ ബിജെപിയും പ്രധാനമന്ത്രിയും 'അപകടകരമായി' കാണുന്നതെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയെ ഒറ്റപ്പെടുത്തുക എന്നതാണ് പ്രധാനം. ഇതിന് സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തമാക്കണം. ബിജെപിയെ ഒറ്റപ്പെടുത്താന്‍ ഇടത് പക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.