ദിലീപിന് തിരിച്ചടി; തുടരന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 10:45 AM  |  

Last Updated: 08th March 2022 10:45 AM  |   A+A-   |  

High Court directs Dileep not to ask for stay

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ചോദ്യം ചെയ്ത് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുടരന്വേഷണത്തിന് അടുത്ത മാസം പതിനഞ്ചു വരെ ഹൈക്കോടതി സമയം അനുവദിച്ചു. 

തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നീട്ടാനാണ് തുടരന്വേഷണമെന്നും ഇതു നിയമപരമല്ലെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിനു സമയപരിധി നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 

പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന നടി ചൂണ്ടിക്കാട്ടിയിരുന്നു.