പൊലീസ് ആറാടുന്നു;അടുക്കളയില്‍ വരെ മഞ്ഞക്കുറ്റി നാട്ടുന്നു; കെ റെയിലിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച

ആര് എതിര്‍ത്താലും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് എഎന്‍ ഷംസീര്‍ പറഞ്ഞു
വിഷ്ണുനാഥ് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം
വിഷ്ണുനാഥ് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ പേരില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് പിസി വിഷ്ണുനാഥ്. നിയമസഭയില്‍ അടിയന്തര പ്രമേയംഅവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ അല്ല കെ ഗുണ്ടായിസമാണ് നടക്കുന്നത്. കല്ലിടുന്നത് എതിര്‍ക്കുന്നവര്‍ക്കു നേരെ പൊലീസ് രൂക്ഷ അതിക്രമമാണ് അഴിച്ചു വിടുന്നതെന്നും പി സി വിഷ്ണുനാഥ് ആരോപിച്ചു.

പാവപ്പെട്ടവരുടെ വീടിന്റെ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റി സ്ഥാപിക്കുന്നു. ഗുണ്ടകളെ നിയന്ത്രിക്കാതെ പൊലീസ് മഞ്ഞക്കുറ്റിക്ക് കാവലിരിക്കുന്നു. സ്വന്തം പുരയിടം നഷ്ടമാകുന്നത് പ്രതിഷേധിക്കുന്നവരെ പൊലീസ് ഗുണ്ടകളെപ്പോലെ മര്‍ദ്ദിക്കുന്നു. കുഞ്ഞുങ്ങളുടെ മുന്നില്‍ മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നു. പൊലീസ് ആറാടുകയാണ്. കേരളം കണ്ടിട്ടില്ലാത്ത ഫാസിസമാണ് നടക്കുന്നത്. ജനങ്ങളുടെ കണ്ണീരിനിടയില്‍കൂടി എന്തിനാണ് മഞ്ഞക്കുറ്റിയെന്നും വിഷ്ണുനാഥ് ചോദിച്ചു. 

കെ റെയില്‍ അല്ല കെ കമ്മീഷന്‍ പദ്ധതിയാണ്. കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന പദ്ധതിയാണ്. കെ റെയില്‍ പദ്ധതിയില്‍ ഇടതുപക്ഷത്തിന്റേത് ഇരട്ടത്താപ്പാണ്.  മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പാത പദ്ധതിക്കെതിരെ സിപിഎം അടക്കം സമരത്തിലാണ്. പദ്ധതി പരിസ്ഥിതി വിനാശകരമാണെന്ന് എം വി ഗോവിന്ദനും കെ കെ ശൈലജയ്ക്കുമൊപ്പം കേന്ദ്രക്കമ്മിറ്റിയില്‍ ഇരിക്കുന്ന അശോക് ധവാളെയാണ് പീപ്പിള്‍സ് ഡെമോക്രസിയില്‍ ലേഖനം എഴുതിയത്. അവിടെ സമരം നടത്തുന്ന സിപിഎം ഇവിടെ കെ റെയില്‍ പദ്ധതിയുമായി രംഗത്തിറങ്ങുന്നു. 

ഇവിടെ പദ്ധതി പരിസ്ഥിതി നാശകരമെന്ന് ചൂണ്ടിക്കാട്ടി സമരം നടത്തുന്ന പാവപ്പെട്ടവരെയും പ്രതിപക്ഷത്തെയും പൊലീസിനെ ഉപയോഗിച്ച് ആക്രമിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു. ലോകസമാധാനത്തിന് രണ്ടുകോടിയും മലയാളിയുടെ സമാധാനം കളയാന്‍ 2000 കോടിയും. ബജറ്റില്‍ സില്‍വര്‍ ലൈന്‍ പ്രാരംഭപദ്ധതിക്കു വേണ്ടി 2000 കോടി നീക്കിവെച്ചതിനെ പരാമര്‍ശിച്ച് വിഷ്ണുനാഥ് പറഞ്ഞു. പാരിസ്ഥിതികമായി നാടിനെ തകര്‍ക്കുന്ന പദ്ധതിയാണ് കെ റെയില്‍. അടിമുടി ദുരൂഹമാണ് പദ്ധതി. കെ റെയില്‍ ആര് ആവശ്യപ്പെട്ട പദ്ധതിയാണെന്നും വിഷ്ണുനാഥ് ചോദിച്ചു. 

ആര് എതിര്‍ത്താലും കെ റെയില്‍ നടപ്പാക്കുമെന്ന്  ഷംസീര്‍

ആര് എതിര്‍ത്താലും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം എംഎല്‍എ എഎന്‍ ഷംസീര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ അനുമതി ആവശ്യമില്ല. ജനങ്ങള്‍ അധികാരമേല്‍പ്പിച്ച സര്‍ക്കാരാണിത്. പ്രതിപക്ഷം മനോഭാവം മാറ്റണം ഇല്ലെങ്കില്‍ രക്ഷപ്പെടില്ല. വികസനവിരുദ്ധതയാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നത്. 

പ്രളയം ഉണ്ടായാല്‍ ചാല്‍ വെട്ടി വെള്ളം ഒഴുക്കി കളയണം

കെ റെയില്‍ എന്തുകൊണ്ട് വേണമെന്ന് ശശി തരൂര്‍ എംപി തന്നെ പറഞ്ഞിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ എല്ലായിടത്തും ഉണ്ടാകാം. കെ റെയില്‍ ഇല്ലാത്ത സ്ഥലത്തും ഉരുള്‍പൊട്ടും.  പ്രളയം ഉണ്ടായാല്‍ ചാല്‍ വെട്ടി വെള്ളം ഒഴുക്കി കളയണം. പരിസ്ഥിതി നാശത്തെ പ്രതിപക്ഷം പെരുപ്പിച്ച് കാണിക്കുകയാണ്. പദ്ധതിക്കെതിരായ സമരം ഇവന്റ് മാനേജ്‌മെന്റ് സമരമാണ്. തൂണ് പൊളിക്കലാണ് പ്രതിപക്ഷത്തിന്റെ പണി. 2025 ല്‍ പദ്ധതി നടപ്പാകുന്നതോടെ യുഡിഎഫിന്റെ സ്ഥിരം ഇരിപ്പിടം പ്രതിപക്ഷത്താകുമെന്നും ഷംസീര്‍ പറഞ്ഞു.

സമരത്തോട് സിപിഎമ്മിന് എന്നു മുതലാണ് പുച്ഛം: ചെന്നിത്തല

സമരത്തോട് ഷംസീറിനും സിപിഎമ്മിനും എന്നു മുതലാണ് പുച്ഛം തുടങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇടതു പരിസ്ഥിതി വാദികളും ശാസ്ത്രസാഹിത്യ പരിഷത്തും അടക്കമുള്ള സംഘടനകളും പദ്ധതിയെ എതിര്‍ക്കുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സ്്ത്രീകളും കുട്ടികളും അടങ്ങുന്ന ബഹുജനസമരത്തെ കണ്ടില്ലെന്ന് നടിക്കരുത്. 

അഞ്ച് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്താന്‍ നിലവില്‍ സൗകര്യമുള്ളപ്പോള്‍ മിസ്റ്റര്‍ പിണറായി, നിങ്ങള്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകരുത്. വായ്പ തരുന്ന ജയ്ക്കയുടെ (ജപ്പാന്‍ അന്താരാഷ്ട്ര ബാങ്ക്) ഉപകരണങ്ങള്‍ക്ക് വേണ്ടിയാണ് പദ്ധതി സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആക്കിയത്. കമ്മീഷന്‍ അടിക്കാന്‍ വേണ്ടിയുള്ള ഈ പദ്ധതി മറ്റൊരു നന്ദീഗ്രാമായി കേരളത്തെ മാറ്റും. എന്തു വന്നാലും നടപ്പാക്കുമെന്നാണ് നന്ദിഗ്രാമിലും നിങ്ങള്‍ ആവര്‍ത്തിച്ചിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഭാവി തലമുറയെ കണ്ടുകൊണ്ടുള്ള പദ്ധതി : പി എസ് സുപാല്‍

ഭാവി തലമുറയെ കണ്ടുകൊണ്ടുള്ള പദ്ധതിയാണ് സില്‍വര്‍ ലൈന്‍. എന്നാല്‍ കുഞ്ഞ് ജനിക്കുന്നതിന് മുന്നേ കൊല്ലുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് സിപിഐയിലെ പി എസ് സുപാല്‍ കുറ്റപ്പെടുത്തി. കേന്ദ്രം കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് ഒന്നും ചെയ്യുന്നില്ല. കേരളത്തെ രണ്ടായി വിഭജിക്കുന്ന എക്സ്പ്രസ്സ് ഹൈവേ പദ്ധതി വിഭാവനം ചെയ്തത് യുഡിഎഫാണ്. കെ റെയിൽ അങ്ങനെയല്ലെന്നും സുപാൽ പറഞ്ഞു.

കേരളം പാർട്ടി ഗ്രാമമല്ലെന്ന് എം കെ മുനീർ

ആളുകളെ അടിക്കാൻ കേരളം പാർട്ടി ഗ്രാമമല്ലെന്ന് ഓർക്കണമെന്ന് എം കെ മുനീർ എംഎൽഎ പറഞ്ഞു. ഇതൊന്നും പ്രതിപക്ഷം കൈയ്യുംകെട്ടി നോക്കിയിരിക്കില്ല. ഞങ്ങളുടെ നെഞ്ചത്തുകൂടി നടപ്പാക്കാമെന്നും കരുതണ്ട.  കെ റയിലല്ല കേരളമാണ് വേണ്ടതെന്ന് മുനീർ അഭിപ്രായപ്പെട്ടു. സിൽവർ ലൈൻ പദ്ധതിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെ രണ്ടു മണിക്കൂർ ചർച്ചയാണ് അനുവദിച്ചിരിക്കുന്നത്. രാവിലെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com