'കാട്ടിത്തരണേ എന്ന  പ്രാര്‍ഥന ഫലിച്ചു',ക്ഷേത്രത്തില്‍ സ്വര്‍ണമാല നഷ്ടമായ സ്ത്രീക്ക് സ്‌നേഹ സമ്മാനമായി സ്വര്‍ണവളകള്‍, ആളെ തിരിച്ചറിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 08:32 AM  |  

Last Updated: 15th March 2022 08:32 AM  |   A+A-   |  

gold

പ്രതീകാത്മക ചിത്രം

 

കൊല്ലം:  പത്തനാപുരം പട്ടാഴി ക്ഷേത്രത്തില്‍ സ്വര്‍ണമാല നഷ്ടമായ സ്ത്രീക്ക് സ്വര്‍ണവളകള്‍ നല്‍കിയയാളെ തിരിച്ചറിഞ്ഞു. ചേര്‍ത്തല സ്വദേശിനി ശ്രീലതയാണ് കൊല്ലം മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ട് വീട്ടില്‍ സുഭദ്രയ്ക്ക് രണ്ട് വളകള്‍ സമ്മാനിച്ചത്. സ്വര്‍ണമാല മോഷണം പോയതില്‍ സുഭദ്രയുടെ വേദന കണ്ടായിരുന്നു വള നല്‍കിയതെന്നും ചെയ്തത് വലിയ കാര്യമായി കരുതുന്നില്ലെന്നും ശ്രീലത പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കുംഭത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോഴാണ് രണ്ട് പവന്‍ മാല നഷ്ടപ്പെട്ടതും സ്ഥലത്തെത്തിയ അജ്ഞാത സ്ത്രീ രണ്ട് വളകള്‍ സമ്മാനിച്ചതും. വള വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് മാല വാങ്ങി, ക്ഷേത്ര നടയിലെത്തി പ്രാര്‍ഥിച്ച ശേഷം കഴുത്തിലിടണമെന്നു പറഞ്ഞു മടങ്ങിയ അവരെ പിന്നീട് കണ്ടെത്താനായില്ല.

സംഭവം നടന്ന് മൂന്നാം ദിവസമായ ഇന്നലെ ഉച്ചയ്ക്കാണ് വള വിറ്റ് വാങ്ങിയ മാലയുമായി  സുഭദ്ര ക്ഷേത്രത്തിലെത്തിയത്. കശുവണ്ടിത്തൊഴിലാളിയായ തന്റെ തുച്ഛമായ വരുമാനം സ്വരുക്കൂട്ടി വാങ്ങിയ മാലയാണ് നഷ്ടപ്പെട്ടത്. ക്ഷേത്ര നടയില്‍ വച്ചാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നതും നിലവിളിച്ച് കരഞ്ഞതും. എവിടെ നിന്നോ എത്തിയ ആ സ്ത്രീ വളകള്‍ നല്‍കി മടങ്ങുകയും ചെയ്തു. അവരുടെ മുഖം പോലും നേരില്‍ കാണാന്‍ സാധിച്ചില്ല. ഒന്നു കൂടി തന്റെ
മുന്നില്‍ അവരെ എത്തിക്കുമോ എന്നതായിരുന്നു സുഭദ്രയുടെ പ്രാര്‍ഥന. അതിനിടെയാണ് വള സമ്മാനമായി നല്‍കിയത് ശ്രീലതയാണെന്ന് തിരിച്ചറിഞ്ഞത്.