തെളിവ് നശിപ്പിച്ചിട്ടില്ല; കളഞ്ഞത് സ്വകാര്യസംഭാഷണങ്ങള്‍; ദാസന്റെ മൊഴി പൊലീസ് പഠിപ്പിച്ചു വിട്ടതെന്ന് ദിലീപ് ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 12:25 PM  |  

Last Updated: 16th March 2022 12:25 PM  |   A+A-   |  

dileep case

ദിലീപ്/ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവ് നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയില്‍. മൊബൈല്‍ഫോണില്‍ നിന്നും കളഞ്ഞത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ്. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ ദിലീപിന്റെ വിശദീകരണം. 

ഫോണില്‍ നിന്ന് താന്‍ ഡിലീറ്റ് ചെയ്തു എന്ന് പറയുന്നത് വാട്‌സ്ആപ്പ് ചാറ്റുകളാണ്. അത് ഈ കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങള്‍ മാത്രമാണ്. സ്വാഭാവികമായി ചെയ്യുന്ന നടപടി മാത്രമാണ്. അതില്‍ തെറ്റു കാണേണ്ടതില്ലെന്നും ദിലീപ് വിശദീകരിക്കുന്നു. ഫോണ്‍ കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടശേഷവും ദിലീപ് തെളിവുകള്‍ നശിപ്പിച്ചതായി അന്വേഷണസംഘം ആരോപിച്ചിരുന്നു. 

ഫോണുകള്‍ പരിശോധിച്ച് കോടതിക്ക് കൈമാറിയ ഫോറന്‍സിക് റിപ്പോര്‍ട്ടും, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയിട്ടുള്ള വിശദീകരണവും തമ്മില്‍ വൈരുധ്യമുണ്ട്. ലാബില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെടുത്ത മിറര്‍ ഇമേജില്‍ പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും ദിലീപ് വ്യക്തമാക്കുന്നു. 

ഫോണുകള്‍ നശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നെങ്കില്‍, ഫോറന്‍സിക് ലാബില്‍ കൈമാറുകയല്ല പകരം നശിപ്പിക്കുകയായിരുന്നു ചെയ്യുക. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറുമായുള്ള ആശയവിനിമയങ്ങളുടെ വിശദാംശങ്ങളും വിവരങ്ങളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്.  ഈ തീരുമാനമെടുത്തത് തനിക്കെതിരെ വധഗൂഡാലോചനക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും വളരെ മുമ്പാണെന്നും ദിലീപ് പറയുന്നു. 

തന്റേതെന്ന പേരില്‍ ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ വിശ്വാസയോഗ്യമല്ല. ഒരു പെന്‍ഡ്രൈവ് മാത്രമാണ് ബാലചന്ദ്രകുമാര്‍ ഹാജരാക്കിയത്. ഈ ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യുന്ന ഉപകരണങ്ങള്‍ ഹാജരാക്കിയിട്ടില്ല. തനിക്കെതിരെ വീട്ടു ജോലിക്കാരനായിരുന്ന ദാസന്‍ പറയുന്ന കാര്യങ്ങളും വിശ്വാസയോഗ്യമല്ല. അത് പൊലീസ് പറഞ്ഞു പഠിപ്പിച്ചു വിട്ട മൊഴിയാണ്. ദാസന്‍ അഭിഭാഷകന്റെ ഓഫീസിലെത്തി എന്നു പറയുന്ന ദിവസങ്ങളില്‍ അഡ്വ. രാമന്‍പിള്ള കോവിഡ് ബാധിതനായി കഴിയുകയായിരുന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കോവിഡ് പരിശോധനാഫലവും ദിലീപ് കോടതിയില്‍ ഹാജരാ്കിയിട്ടുണ്ട്.