എല്ലാ ദിവസവും മത്സ്യവും മാംസവും വേണം, തനിക്ക് ജീവിക്കണം; പൊലീസ് കസ്റ്റഡിയിലും കൂസലില്ലാതെ ഹമീദ്; ഭാര്യ മരിച്ചപ്പോള്‍ മറ്റൊരു സ്ത്രീക്കൊപ്പം താമസം; കൂട്ടക്കൊല ആസൂത്രിതം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 02:59 PM  |  

Last Updated: 19th March 2022 02:59 PM  |   A+A-   |  

cheenikkuzhi murder is pre planned, police says

പ്രതി ഹമീദ്, മരിച്ച ഫൈസലും കുടുംബവും/ ടെലിവിഷന്‍ ദൃശ്യം

 

തൊടുപുഴ: തൊടുപുഴ ചീനിക്കുഴിയിലെ കൂട്ടക്കൊലയില്‍ പ്രതി ഹമീദിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. കൂട്ടക്കൊല ആസൂത്രിതമാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത പറഞ്ഞു. ഒരു വര്‍ഷമായി കുടുംബ വഴക്ക് നിലനിന്നിരുന്നു. ഇന്നലെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടുകാര്‍ ഉറങ്ങിക്കിടന്നപ്പോള്‍ പ്രതി പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ എറിഞ്ഞ് തീ വെക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചുവെന്നും ഡിഐജി പറഞ്ഞു. 

എല്ലാ മാര്‍ഗവും അടച്ചശേഷമായിരുന്നു കൂട്ടക്കൊല

പ്രതി ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരാണ് വെന്തുമരിച്ചത്. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗവും അടച്ചശേഷമായിരുന്നു കൂട്ടക്കൊല നടത്തിയത്. ഇതിനായി ഇന്നലെ തന്നെ പെട്രോള്‍ വാങ്ങി ശേഖരിച്ചിരുന്നു. അര ലിറ്ററിന്റെ അഞ്ചു കുപ്പികളിലാണ് പെട്രോള്‍ കരുതിയിരുന്നത്. ഉറങ്ങുന്നതിനിടെ മുറിയില്‍ തീ പടരുന്നത് കണ്ടാണ് മുഹമ്മദ് ഫൈസലും കുടുംബവും ഞെട്ടിയുണര്‍ന്നത്. കുട്ടികളിലൊരാള്‍ അയല്‍ക്കാരനായ രാഹുലിനെ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. 

തീയും പുകയും ഉയര്‍ന്നതോടെ കുടുംബം രക്ഷതേടി ശുചിമുറിയില്‍ കയറി ഒളിച്ചു. ഓടിയെത്തിയ രാഹുല്‍ മുന്‍ വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തുകയറിയത്. ശുചിമുറിയില്‍ ഒളിച്ച ഫൈസലും കുടുംബവും രാഹുല്‍ എത്തിയത് അറിയാത്തതിനാല്‍ വാതില്‍ തുറന്നില്ല. അപ്പോഴും ഹമീദ് പെട്രോള്‍ നിറച്ച കുപ്പികള്‍ മുറിയിലേക്ക് വലിച്ചെറിയുന്നുണ്ടായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. തീ അണയ്ക്കാന്‍ വെള്ളം എടുക്കാതിരിക്കാന്‍ വാട്ടര്‍ കണക്ഷനും വിച്ഛേദിച്ചു. അയല്‍വീട്ടിലെ വെള്ളവും ഒഴുക്കികളഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചത്. 

എല്ലാ ദിവസവും മത്സ്യവും മാംസവും വേണം

പൊലീസിന്റെ കസ്റ്റഡിയിലും ഹമീദിന് യാതൊരു കൂസലുമുണ്ടായിരുന്നില്ല. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നും, തനിക്ക് ജീവിക്കണമെന്നും ഹമീദ് പൊലീസിനോട് പറഞ്ഞു. ഭക്ഷണത്തെച്ചൊല്ലിയും മകനുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. മകന്‍ ഭക്ഷണം നല്‍കുന്നില്ലെന്ന് കാണിച്ച് ഹമീദ് മുമ്പ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. തന്റെ പേരിലുള്ള സ്വത്തുക്കള്‍ രണ്ട് ആണ്‍മക്കള്‍ക്കായി ഹമീദ് വീതിച്ചു നല്‍കിയിരുന്നു. 

സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നൽകിയത്. വാർധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ മകൻ ഇത് പാലിച്ചില്ലെന്നും ഹമീദ് പറയുന്നു.  ഇന്നലെ രാവിലെയും ഇതേച്ചൊല്ലി മകനുമായി തർക്കവും കയ്യാങ്കളിയുമുണ്ടായി. 

മരണം കുടുംബവുമായി പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കെ

ഭാര്യ മരിച്ചതിന് ശേഷം ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദിന്റെ താമസം. അടുത്തകാലത്താണ് ഇയാൾ മകന്റെ അടുത്തേക്ക് താമസിക്കാനെത്തിയത്. അതിന് ശേഷം മക്കളുമായി നിരന്തരം വഴക്കുണ്ടായിരുന്നതായി അയൽവാസികളും പറയുന്നു. നിരന്തരമുള്ള വഴക്ക് കാരണം ഫൈസലും കുടുംബവും പുതുതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറാനിരിക്കുകയായിരുന്നു. അതിനിടെയാണ് കൊലപാതകം നടന്നത്. ഫൈസലിന് ചീനിക്കുഴിയിൽ പച്ചക്കറി വ്യാപാരമാണ്. മെഹർ പ്ലസ്ടുവിനും അസ്ന ഏഴാം ക്ലാസിലും പഠിക്കുകയാണ്.