എതിര്‍ത്താല്‍ കെ സുധാകരന്റെ നെഞ്ചത്തുകൂടെ ട്രെയിന്‍ ഓടിക്കും; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 12:02 PM  |  

Last Updated: 19th March 2022 12:10 PM  |   A+A-   |  

cv varghese against k sudhakaran

സി വി വര്‍ഗീസ്, കെ സുധാകരന്‍/ ഫയല്‍

 

തൊടുപുഴ: കെ പിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വീണ്ടും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ കെ സുധാകരന്റെ നെഞ്ചത്തുകൂടെ ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കും. കെ റെയില്‍ സമരത്തിനെത്തുന്ന ആളുകളെ മണ്ണെണ്ണ ഒഴിച്ച് കൊല്ലാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ സമരത്തിനിടെ ശ്രമിക്കുന്നതെന്നും സിവി വര്‍ഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു.

അതിവേഗ റെയില്‍വേ ഓടിച്ചുകൊണ്ടാകും സിപിഎം അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. തടയാന്‍ വന്നാല്‍ കെ സുധാകരന്റെ നെഞ്ചത്തു കൂടി കയറ്റിക്കൊണ്ടുപോയി ഓടിക്കേണ്ടി വരും. കേരളത്തിലെ സര്‍ക്കാര്‍ വികസന രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. 

ആ മുന്നേറ്റത്തിന്റെ ഭാഗമായി കാസര്‍കോട് നിന്നും ഒരാള്‍ക്ക് നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്താം. തിരുവനന്തപുരത്തു നിന്നും നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോടെത്താം. അവിടെ ആവശ്യമായ നിലപാട് സ്വീകരിക്കുക. അപ്പോള്‍ സുധാകരന്‍ പറയുന്നു, കല്ല് ഞങ്ങള്‍ പിഴുതെടുക്കുമെന്ന്. സുധാകരന്റെ മാത്രമല്ല, കോണ്‍ഗ്രസിനെ ആകെ ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുത്തു കൊണ്ടിരിക്കുകയാണ്. ഇനി ഒരിടത്തും പിഴുതെറിയാനില്ലെന്നും സിവി വര്‍ഗീസ് പരിഹസിച്ചു. 

കേരളത്തിന്റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തു ചേരുന്നുവെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് ഓടിക്കുമെന്നും സിവി വര്‍ഗീസ് പറഞ്ഞു. സുധാകരന്റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലാത്തതുകൊണ്ടു മാത്രമാണെന്നും വര്‍ഗീസ് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.