സര്‍വേക്കല്ലുകള്‍ ഞങ്ങള്‍ തന്നെ പിഴുതെറിയും, ജയിലില്‍ പോകും; ജനങ്ങളെ ബലി കൊടുക്കില്ല: വി ഡി സതീശന്‍

വിദേശത്തു നിന്ന് പണം വാങ്ങി കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സതീശൻ പറഞ്ഞു
വി ഡി സതീശൻ, പ്രതിഷേധം/ ടിവി ദൃശ്യം
വി ഡി സതീശൻ, പ്രതിഷേധം/ ടിവി ദൃശ്യം

തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരായ സമരത്തിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ ജയിലിലേക്ക് അയക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഞങ്ങള്‍ തന്നെ പോയി ഈ സര്‍വേക്കല്ലുകള്‍ പിഴുതെറിയും. ഞങ്ങള്‍ തന്നെ ജയിലില്‍ പോകുകയും ചെയ്യുമെന്നും സതീശന്‍ പറഞ്ഞു. 

ഇതുവരെ ജനങ്ങളാണ് സമരം ചെയ്തത്. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊടുക്കുകയും പിന്തുണ കൊടുക്കുകയുമാണ് യുഡിഎഫ് ചെയ്തിരുന്നത്. സമരം ചെയ്ത പാവപ്പെട്ടവരെ ജയിലില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചാല്‍, സിപിഎം പ്രഖ്യാപിച്ചാല്‍, പാവപ്പെട്ട ജനങ്ങളെ മാറ്റിനിര്‍ത്തി ഞങ്ങള്‍ മുന്നിലേക്ക് വന്ന് ഈ കല്ലുകള്‍ പിഴുതെറിയും.

കേസില്‍ പ്രതികളായി നേതാക്കന്മാര്‍ ഉള്‍പ്പെടെ കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ജയിലിലേക്ക് പോകുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതൊന്നും ചെയ്യാതെയാണ് കല്ലിട്ട്, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇത് വിദേശത്തു നിന്ന് പണം വാങ്ങി കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണ്. പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

ഒരുപാട് സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്ന വിഷയമാണിത്. ഇതിന്റെ പുറകില്‍ വന്‍ അഴിമതിയുണ്ട്. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യുഡിഎഫ് സമരം ചെയ്യുന്നത്. ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ ഉപയോഗിച്ച്, സമരത്തെ അടിച്ചമര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ ആ ഭീഷണിക്ക് മുന്നില്‍ വഴങ്ങുന്ന പ്രശ്‌നമില്ല. മാത്രമല്ല അത്തരമൊരു സാഹചര്യത്തില്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com