കൊച്ചി: വധഗൂഢാലോചനക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ ഘട്ടത്തില്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. നിലവില്‍ കേസില്‍ സായ് ശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
ജസ്റ്റിസ് പി ഗോപിനാഥ് ആണ് ഹര്‍ജി പരിഗണിച്ചത്. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ചില നിര്‍ണായക രേഖകള്‍ മായ്ച്ചുകളഞ്ഞെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സായ് ശങ്കറോട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും കസ്റ്റഡിയില്‍ മൂന്നാംമുറ നേരിടേണ്ടി വരുമെന്ന് ഭയമുണ്ടെന്നും കാണിച്ചാണ് സായ് ശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്.
'പ്രതിയാണെങ്കില്‍ മാത്രമാണ് അറസ്റ്റിനെ ഭയപ്പെടേണ്ടതുള്ളൂ'
വാദത്തിനിടെ, നിലവില്‍ കേസില്‍ സായ് ശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. അങ്ങനെയെങ്കില്‍ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഈ ഘട്ടത്തില്‍ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയാണെങ്കില്‍ മാത്രമാണ് അറസ്റ്റിനെ ഭയപ്പെടേണ്ടതുള്ളൂ. കേസെടുത്താലും ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്താനാണ് സാധ്യതയെന്നും കോടതി നിരീക്ഷിച്ചു. അതിനിടെ കേസില്‍ ഏഴുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകാമെന്ന് സായ് ശങ്കര്‍ കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സായി ശങ്കര്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചും കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ ദിലീപിന്റെ ഫോണിലെ പേഴ്സണല്‍ വിവരങ്ങള്‍ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് സായ്ശങ്കര്‍ പറയുന്നത്.
ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണസംഘം പരിശോധിച്ചു. ദിലീപില്‍ നിന്ന് എത്ര തുക പ്രതിഫലമായി കൈപ്പറ്റിയെന്ന് കണ്ടെത്താനായിരുന്നു പരിശോധന.കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ കഴിഞ്ഞ സായ് ശങ്കറിന്റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. 12 ,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് കഴിഞ്ഞത്. ഉച്ചയൂണിന് ചെലവഴിച്ചത് 1700 രൂപയാണ്. ദിലീപിന്റെ ഐ ഫോണ്‍ സായ് ശങ്കറിന്റെ ഐമാക് കംപ്യൂട്ടറില്‍ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഈ ഐമാകില്‍ ലോഗിന്‍ ചെയ്തത് ഭാര്യ എസ്സയുടെ ഐഡി വഴിയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ എസ്സയെ ചോദ്യം ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates