സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് മാറ്റി; ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 02:59 PM  |  

Last Updated: 23rd March 2022 02:59 PM  |   A+A-   |  

silverline

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട്

 

കോട്ടയം: സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രി സജി ചെറിയാന് വേണ്ടി സില്‍വര്‍ ലൈന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തി. സജി ചെറിയാന്റെ വീട് സംരക്ഷിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ല എന്നാണ് സജി ചെറിയാന്‍ പറയുന്നത്. ഇങ്ങനെ ജനങ്ങളോട് നുണ പറയരുതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. പുതിയ മാപ്പും പഴയ മാപ്പും ഉയര്‍ത്തിക്കാണിച്ച് കൊണ്ടായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ വേണ്ടിയാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത്.  ഇതൊന്നും പറയാന്‍ ഉദ്ദേശിച്ചിരുന്നതല്ല. തന്നെ കൊണ്ട് പറയിപ്പിച്ചതാണ്. തിരുവഞ്ചൂരിന്റെ വീടിരിക്കുന്ന സ്ഥലത്ത് ഉണ്ടായ സംഭവമാണ് പറയുന്നത്. അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ല എന്ന് പറഞ്ഞത് ശരിയല്ല. ജനങ്ങളോട് സത്യം പറയാന്‍ തയ്യാറാവണമെന്നും  തെളിവായി രേഖകള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

നിയമസഭാ സമ്മേളനത്തില്‍ സില്‍വര്‍ ലൈന്‍ മറച്ചുവെയ്ക്കാനാണ് ശ്രമിച്ചത്. പ്രതിഷേധം കടുത്തതോടെയാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയത്. ഇങ്ങനെ ചെയ്യേണ്ടതാണോ സില്‍വര്‍ലൈന്‍ പദ്ധതി? ഒളിച്ചു കടത്താന്‍ പറ്റുന്ന സാധനമാണോ കെ റെയില്‍? ഉരുക്ക് കൊണ്ട് ട്രാക്ക് ഇട്ടു പോകുന്ന സാധനം കള്ളക്കടത്ത് പോലെ കൊണ്ടുവരാന്‍ സാധിക്കുമോ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു.